Thursday, December 23, 2010

ഹല്ലാ പിന്നെ

പൊതു ജനങ്ങളുടെ ശ്രദ്ധയ്ക്ക് 

ലോക കോപ്പി റൈറ്റ് ആക്ട്‌ പ്രകാരം താഴെ പറയുന്ന വാക്കുകളും വരികളും "ആയില്യം" നക്ഷത്രത്തില്‍ ഭൂജാതനായ ഭൂലോക സുന്ദരനായ ഷാജി നായര്‍ക്കു  മാത്രമേ ഉപയോഗിക്കാനുള്ള അര്‍ഹതയുള്ളൂ... ആയതിനാല്‍, "വെറും സുന്ദരന്മാരായ മറ്റുള്ളവര്‍" ഈ വാക്കുകള്‍ ഉപയോഗിക്കുന്നത് ആര്‍ട്ടിക്കിള്‍ 228  ല്‍ പറയുന്ന  ഉത്തരവിന് എതിരാണെന്ന് ഇതിനാല്‍   അറിയിച്ചു കൊള്ളുന്നു..

1 . ഹല്ലാ പിന്നെ

2 . ഭൂലോക സുന്ദരന്‍

3 . ഈ സൗന്ദര്യം എനിക്കൊരു ശാപമാണ്

4 . ഈശ്വരാ എനിക്കെന്തിനിത്രയും സൗന്ദര്യം തന്നു

5.  അട്ട്രാക്ഷാ നിന്നെ കൊണ്ട് ഞാന്‍ തോറ്റു

6.  ശ്യോ....

7.  ശ്യോ. എന്നെ കൊണ്ട് വീണ്ടും വീണ്ടും തോറ്റു

8.  പണ്ടാരമടങ്ങാന്‍

9. ഹോ.. എന്റെ ഒടുക്കത്തെ ഒരു സൗന്ദര്യം.

10.  എത്രയും പ്രിയപ്പെട്ട കാലമാടാ



അഥവാ ഈ വാക്കുകളോ വാചകങ്ങ ളോ   ഉപയോഗിച്ചേ മതിയാകൂ എന്നുള്ളവര്‍, അഞ്ചു രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍  എഴുതി ഒപ്പിട്ട     അപേക്ഷ ഏതെങ്കിലും പോസ്റ്റ്‌ ബോക്സില്‍ നിക്ഷേപിക്കേണ്ടാതാണ്..

ഈ ഉത്തരവ് പിന്തുടരുന്നില്ല എന്ന് കണ്ടാല്‍ ദോശയുമായി ബന്ധപ്പെട്ട ചുവടെ കൊടുക്കുന്ന ഏതു നിയമ നടപടിയും പ്രതീക്ഷിക്കാവുന്നതാണ്: -

1. ഒരിക്കല്‍ ഉത്തരവ് തെറ്റിച്ചാല്‍  - മൂന്നു ദോശയും ചമ്മന്തിയും ഒരാഴ്ച തുടര്‍ച്ചയായി ടിയാന് നല്‍കുക (രാവിലെയും വൈകിട്ടും)

2. രണ്ടാമത് തെറ്റിച്ചാല്‍ - ആറ് ദോശയും ചമ്മന്തിയും ഒരു വര്ഷം തുടര്‍ച്ചയായി ടിയാന് നല്‍കുക (രാവിലെയും വൈകിട്ടും)

3. മൂന്നാമതും, അതിലേറെയും   പ്രാവശ്യം തെറ്റിച്ചാല്‍ - ആജീവനാന്തം എട്ടു  ദോശയും ചമ്മന്തിയും നേന്ത്രപ്പഴവും  ചായയും സഹിതം ടിയാന് നല്‍കുക (രാവിലെയും വൈകിട്ടും)


ഒപ്പ് -
Signed by:
പ്രസിഡന്റ്‌
President
ലോക സൗന്ദര്യ നിയന്ത്രണ യൂണിയന്‍ (ലോ. സു.  നി . യു)
World Beauty Control Union (W.B.C.U)

copyright © 2010

ചന്ദ്രമതീ സോമേ ണ്ണ ന്‍ വിളിക്കുന്നു

ചന്ദ്രമതീ .. പ്രാണസഖീ... .. നീ എവിടെയാണ്? (എവിടെ പോയി പണ്ടാരമടങ്ങി എന്ന് ചോദി ക്കാന്‍ വാ തരിക്കുന്നുണ്ട്) , എത്ര നാളായി കണ്ടിട്ട്? നീ പോയതിനു ശേഷം ഇവിടെ "സ്റ്റാറ്റസ് മെസ്സേജു" എഴുതി എഴുതി എന്റെ കയ്യൊടിഞ്ഞു... മൊബൈല്‍ ഫോണില്‍ ഓരോ പ്രാവശ്യവും "ഫോണ്‍ എടുക്കട, ഫോണ്‍ എടുക്കെടാ പുല്ലേ" എന്ന റിംഗ് ടോണ്‍ മുഴങ്ങുമ്പോള്‍ അത് നീ ആയിരിക്കണേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കും, പക്ഷെ അവിടെയും തിരിച്ചടി മാത്രം, റിംഗ് ടോണിനെ ഫോളോ ചെയ്തു വരുന്ന "പലവ്യന്ജന കടക്കാരന്റെയും,  പാല്‍ക്കാരന്റെയും  മീന്‍ കാരന്റെയും  പുളിച്ച വാക്കുകള്‍ - എന്താടാ പുല്ലേ ഫോണ്‍ എടുക്കാന്‍ ഇത്ര താമസം" . മൊബൈല്‍ തന്നെ വെറുത്തു പോകുന്നു പ്രാണ സഖീ..

"സോമ ശേഖരന്‍ പിള്ള" എന്ന എന്നെ "സോമേണ്ണാ " എന്ന് വിളിച്ചവള്‍ നീയല്ലേ? നിനക്കെങ്ങനെ കഴിയുന്നു എന്നെ മറക്കാന്‍....   

നീ പോയതിനു ശേഷം പഴയ ഓര്‍മ്മകള്‍ അയവിറക്കി കൊണ്ട് നമ്മള്‍ ഇരിക്കാറുള്ള ആ കുന്നിന്‍ ചരുവില്‍ പോയിരുന്നു മനസ്സമാധാന ത്തിനായി   നിന്റെ പേരെടുത്തു ഉറക്കെ വിളിക്കും,  എന്റെ കാറല്‍ കേട്ട് അവിടെ മേയുന്ന എരുമകളും, പശുക്കളും അതേറ്റു പാടും. എന്റെ തേങ്ങലുകള്‍ നീ മാത്രം എന്തെ കേള്‍ക്കുന്നില്ല  ? എന്റെ തേങ്ങല്‍ കണ്ടു സഹിക്കാതെ അപ്പുറത്ത് കൂടി പോകുന്ന പട്ടി പോലും ഓരിയിട്ടും കൊണ്ടാ ഓടുന്നത് .

ഞാന്‍ മേടിച്ചു തന്ന വളകളും, ക്യൂട്ടക്സും, മാലകളും ഒക്കെ കാണുമ്പോള്‍ നിനക്കെന്നെ ഓര്മ വരുന്നില്ലേ? അതൊക്കെ മേടിച്ച ബില്ല് കാണുമ്പോള്‍ ഞാന്‍ നിന്നെ ഓര്‍ക്കാറുണ്ട്. ആ ബില്ലിന്റെ അവസാനം കാണുന്ന തുകകള്‍ കാണുമ്പോള്‍ വെറുതെ മോഹിക്കും "ഈശ്വരാ, ഈ കാശിനു എത്ര പൊറോട്ട കഴിക്കാമായിരുന്നു..എങ്കില്‍ അതൊക്കെ "ആരോഗ്യത്തിന്റെ രൂപത്തില്‍" എന്റെ ശരീരത്തു കണ്ടേനെ, ആ കാശ് കൊണ്ട്   , എത്ര ഉണ്ടന്‍ പൊരി മേടിക്കായിരുന്നു, ഒന്നുമില്ലേലും പട്ടിയെ എറിയാനെങ്കിലും ഉപകരിചേനെ..

സ്നേഹമാണ് അഖില സാരമൂഴിയില്‍ എന്ന് ആരോ പാടിയത് നീ കേട്ടിട്ടില്ലേ? സ്കൂളില്‍ പോകാത്തത് കാരണം ഞാന്‍ "കേട്ടിട്ടില്ല", പക്ഷെ "കണ്ടു" ഇന്നലെ കപ്പലണ്ടി പൊതിഞ്ഞ പേപ്പറില്‍ എഴുതിയിരിക്കുന്നത്.. ഏതു വിധേനയും നിനക്ക് ഞാനീ പേപ്പര്‍ അയച്ചു തരാം. അത് വായിച്ചിട്ടെങ്കിലും ഒന്ന് വാ. ഒന്ന് വിളി...

"മാനസമൈനെ നീ വരൂല്ലേ" എന്ന പാട്ടും പാടി ഈ തോട്ടിന്കരയില്‍ കൂടി നടക്കണം എന്നുണ്ട്, പക്ഷെ എരണം കേട്ട ദാരിദ്രവാസികളായ ഒണക്ക കാമുകന്മാര്‍ ആ പാട്ട് പാടി പാടി അതിന്റെ വെല കളഞ്ഞു, 

പറയൂ ഞാനിനി എന്ത് ചെയ്യണം?  എങ്ങുമില്ലേ ഈ സോമശേഖരന് ഒരു  സാന്ത്വനം...
  

ഇതേ സമയം അങ്ങ് ദൂരെ ദൂരെ "ചന്ദ്രമതി" എന്ന നായിക അവളെ കെട്ടിയ "രാജ ശേഖരനെ" "രായേട്ടാ" എന്നും വിളിച്ചു സമാധാനം കെടുത്തുകയായിരുന്നു. രായെണ്ണന്‍ മേടിച്ചു കൊടുത്ത സാരിയില്‍ പൂക്കളുടെ എണ്ണം കുറവെന്നും പറഞ്ഞു ആ മനുഷ്യനെ കൊല്ലാക്കൊല ചെയ്യുവായിരുന്നു


ഈ വിവരം സോമേണ്ണ നെ  ഞാന്‍ എങ്ങനെ അറിയിക്കും ഭഗവാനെ (അവളുടെ കല്യാണം കഴിഞ്ഞു രണ്ടു പിള്ളേ രായി   എന്ന സത്യം) .. വേണ്ട അറിയിക്കേണ്ട.. അറിയിച്ചാല്‍ "കൂടുതല്‍ പൂക്കളുള്ള  " സാരിയുമായി സോമേ ണ്ണ ന്‍ പിന്നെയും ആക്റ്റീവ് ആയാലോ...


അറിയിക്കാതിരുന്നാല്‍ "പത്തു സ്റ്റാറ്റസ് മെസ്സേജു ഇടുന്ന ചിലവല്ലേ   ഉള്ളൂ...."  

രായപ്പന്‍ v /s ഭാര്‍ഗവി & കോലപ്പന്‍ v /s ചെല്ലമ്മ

കോലപ്പാ.. ഒഴിക്കെടാ..

രായപ്പാ... .. കുടിക്കെടാ...പക്ഷെ നീ എന്നാത്തിനാടാ ഇങ്ങനെ കുടിക്കുന്നത്?

ഹോ. എന്നാ പറയാനാ... വീട്ടിലെ മൂധേവിയെ കൊണ്ട് തോറ്റു.. ഏതു നേരവും ചൊറിയുന്ന വര്‍ത്ത മാനമേ  പറയൂ..

ചായ്... മോശം മോശം. എന്നെ കണ്ടു പിടിക്ക്. ഇത് കണ്ടോ... ഇത് രണ്ടെണ്ണം വീശി നേരെ അങ്ങട് ചെല്ലും. അവള്‍ എന്തങ്കിലും പറയാന്‍   വേണ്ടി വാ തുറന്നോ, അപ്പൊ കൊടുത്തിരിക്കും അടി.. ആണുങ്ങള്‍ ആയാല്‍ ധൈര്യം വേണമെടാ ധൈര്യം. 

കോലപ്പാ, എന്താണെന്നറിയില്ല, അവളുടെ കരടി മോന്ത കണ്ടാലേ എന്റെ മുട്ടിടിക്കും. തല്ലാന്‍ കൈ പൊക്കുന്നത് പോയിട്ട് അത് ഓര്‍ക്കാനുള്ള ധൈര്യം പോലും വരത്തില്ല അപ്പോള്‍ . എന്തെങ്കിലും പറയാമെന്നു വിചാരിച്ചാല്‍, അവളൊട്ടു സമ്മതിക്കത്തു മില്ല.

ചായ്... എന്നതാട ഉവ്വേ ഇത്. നീ കള്ള് കുടിയന്മാരായ ആണുങ്ങള്‍ക്ക് പേരുദോഷം വരുത്തിയെ അടങ്ങൂ... ഈ ധൈര്യം എന്ന് പറയുന്നത് റേഷന്‍ കടയില്‍ കിട്ടുന്നതല്ല. അത് നമള്‍ ഒണ്ടാക്കി എടുക്കണം  .    എന്നെ നോക്ക് "സിങ്ക മാണെടാ സിങ്കം"

സിങ്കമോ.. അതെന്നതാടാ ഉവ്വേ....

സിങ്കം. കാട്ടിലെ രായാവ്..

ഉവ്വ. 

രായപ്പാ..ഇന്ന് നീ ചെല്ല്. ചെന്നിട്ട് അവള്‍ക്കിട്ടു രണ്ടെണ്ണം പൊട്ടീര്.. എന്നിട്ട് പറയ്, മൂക്കന്‍  പാമ്പിനോട് ഇടയല്ലെടീ.. എന്ന്. ആ ഒറ്റ അടിയില്‍ അവള്‍ പഠിച്ചിരിക്കണം...നാളെ മുതല് അവള് പൂച്ചകുട്ടി ആവുമെടാ പൂച്ചക്കുട്ടി. 

കോലപ്പാ... ഏറ്റെടാ ഏറ്റു. ഇന്ന് കാണിച്ചു കൊടുക്കുന്നുണ്ട് അവള്‍ക്കു രായപ്പന്‍ ആരാണെന്ന് 
ഗള് ഗള് ഗള് 

രായപ്പാ, പതുക്കെ കുടിയെടാ ശ്വാസം പോകുമെടാ..

കോലപ്പാ.. ആവേശം കേറിയാ പിന്നെ ഈ രായപ്പന്‍  പുലിയാടാ  പുലി.. കരിം പുലി 

കൊള്ളാമെടാ രായപ്പാ.. നിന്നെ കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ ബഹുമാനം കൊണ്ട് എന്റെ രോമം കമ്പ്ലീട്ടു എഴുന്നേറ്റു നില്‍ക്കുന്നു. ചെല്ല്.. പുലിയെ പോലെ പോരാട്. നാളെ കാണാം. 

ശരിയെടാ കോലപ്പാ.. നാളത്തെ കുപ്പി എന്റെ വക

അട്ടഹസിച്ചു കൊണ്ട് തന്നെ രായപ്പന്‍ വീട്ടിലെത്തി. വാതില്‍ ചവിട്ടി തുറന്നകത്തു കയറി... അല്‍പ സമയം കഴിഞ്ഞു രായപ്പന്റെ അയല്‍ക്കാര്‍ കേട്ടത് നടുക്കുന്ന അലര്‍ച്ചയായിരുന്നു.. 

"അയ്യോ.. രക്ഷിക്കണേ... ഈ മറുതായില്‍ നിന്ന് ആരേലും എന്നെ രക്ഷിക്കണേ... ഭാര്‍ഗവീ, എന്റെ കഴുത്തീന്നു കയ്യ് എടുക്കെടീ.. ഞാന്‍ ചത്തു പോകുമെടീ..."

നാടുകാര്‍ ഓടി വന്നെങ്കിലും അവര്‍ക്ക് കാണാന്‍ കഴിഞ്ഞത് ഭാര്‍ഗവിയുടെ ആദ്യത്തെ ഇടിക്കു തന്നെ  ബോധം പോയി വീണു കിടക്കുന്ന രായപ്പനെയാണ്. 

പക്ഷെ കോലപ്പന്റെ അയല്‍ക്കാര്‍ അന്നും സമാധാനമായി തന്നെ ഉറങ്ങി, കാരണം അവര്‍ക്ക് നിലവിളി ഒരു ശീല മായി കഴിഞ്ഞിരുന്നു... കൊച്ചു കുട്ടികള്‍ ആ നിലവിളി കേള്‍ക്കാതെ ഉറങ്ങില്ല എന്ന സ്ഥിതി വിശേഷം ആയിരുന്നു. ആയിടെ രണ്ടാം ക്ലാസ്സില്‍ ചേര്‍ന്ന "സുമതി" എന്ന കുഞ്ഞ്  ആ നിലവിളി ചിരിയോടെ ഇങ്ങനെ ഏറ്റു ചൊല്ലി ...

"അയ്യോ...ചെല്ലമ്മേ.. കൊല്ലല്ലെടീ... വയ്യായേ... ഭഗവാനെ.. ഇവളില്‍ നിന്ന് എന്നെ രക്ഷിക്കേണമേ... ഇവളുടെ തല്ലും ചവിട്ടും മേടിക്കാനുള്ള ആരോഗ്യം എനിക്ക് തരേണമേ..   അയ്യോ... .."

ഹ ഹ . ഇവന്റെ ഒരു കാര്യം

 പോരുന്നോ നീയ്?
അപ്പൂപ്പനും അമ്മൂമ്മയും നിന്നെ നേരില്‍ കാണാന്‍ കൊതിചിരിക്കയാ.. വന്നു കാണ്.

ഞാന്‍ ഞാന്‍.... വരണോ? വന്നാല്‍.....വന്നാല്‍ ..പിന്നെ ഇവിടെ .... ഇവര്‍....രണ്ടു വീട്ടിലും..................അവരുടെ കാര്യം  !!!!!

വന്നാല്‍ അപ്പൂപ്പന്‍ എപ്പോഴും തരുന്ന മിട്ടായി തിന്നാം  , ഗ്ലാസ്സില്‍ പകുതിയാക്കി   വയ്ക്കുന്ന ചായ ഓടി ചെന്ന് കുടിക്കാം. ഉത്സവത്തിന്‌ കൊണ്ട് പോയി ബലൂണ്‍ മേടിച്ചു തരും. പനി വരുമ്പോള്‍ കൂടെ ഉറങ്ങാതെ ഇരുന്നു നെറ്റി തടവി തരും....അങ്ങനെ അങ്ങനെ ...പിന്നെ

അമ്മൂമ്മ എണ്ണ തേച്ചു കുളിപ്പിക്കും. തലയില്‍ രാസ്നാദി തേച്ചു തരും. മടിയില്‍ കിടത്തി കഥ പറഞ്ഞു തരും. പാട്ട്   പഠിപ്പിക്കും. തിരുവാതിര മുദ്രകള്‍ കാണിച്ചു തരും
എന്താ വന്നൂടെ?

ഞാന്‍ വന്നാല്‍ ഇവിടെ ആരുണ്ട്‌?
കുട്ടന്റെ കല്യാണം. മോന്റെ ഗുരുവായൂരിലെ തുലാഭാരം, പഴനിയിലെ നേര്ച്ച, കാവില്‍ തൊഴാന്‍ പോണം. പുതുക്കി പണിത കാവ് കാണണം. അച്ഛനെയും അമ്മയെയും മോനെയും അവളെയും കൊണ്ട് അമ്പലങ്ങളില്‍ പോകണം.

പിന്നെ ദിവസവും അവളെയും പിന്നിലിരുത്തി  സ്കൂളില്‍ കൊണ്ട് ചെന്നാക്കണം, വൈകിട്ട് ചെന്ന് വിളിച്ചു കൊണ്ട് വരണം. ആ യാത്രകള്‍ക്കിടയില്‍ അന്നന്ന് സ്കൂളില്‍ നടന്ന കാര്യങ്ങള്‍ അവള്‍ തോളില്‍ തലവച്ചു പറയുമ്പോള്‍ ചിരിയോടെ കേള്‍ക്കണം, "എന്നിട്ട് എന്നിട്ട്  " എന്ന് ചോദിച്ച് അവളെ പറയാന്‍ നിര്‍ബന്ധിക്കണം.

എനിക്ക് വരാന്‍ തോന്നുന്നില്ല. വരാന്‍ ഇവര്‍ സമ്മതിക്കില്ല. ഞാന്‍ എന്താ ചെയ്ക??

ശരി.. എന്നാല്‍ പിന്നെ അങ്ങനെ ആയ്ക്കോട്ടെ. ‍ പിന്നെ കാണാം