Thursday, December 23, 2010

ഹല്ലാ പിന്നെ

പൊതു ജനങ്ങളുടെ ശ്രദ്ധയ്ക്ക് 

ലോക കോപ്പി റൈറ്റ് ആക്ട്‌ പ്രകാരം താഴെ പറയുന്ന വാക്കുകളും വരികളും "ആയില്യം" നക്ഷത്രത്തില്‍ ഭൂജാതനായ ഭൂലോക സുന്ദരനായ ഷാജി നായര്‍ക്കു  മാത്രമേ ഉപയോഗിക്കാനുള്ള അര്‍ഹതയുള്ളൂ... ആയതിനാല്‍, "വെറും സുന്ദരന്മാരായ മറ്റുള്ളവര്‍" ഈ വാക്കുകള്‍ ഉപയോഗിക്കുന്നത് ആര്‍ട്ടിക്കിള്‍ 228  ല്‍ പറയുന്ന  ഉത്തരവിന് എതിരാണെന്ന് ഇതിനാല്‍   അറിയിച്ചു കൊള്ളുന്നു..

1 . ഹല്ലാ പിന്നെ

2 . ഭൂലോക സുന്ദരന്‍

3 . ഈ സൗന്ദര്യം എനിക്കൊരു ശാപമാണ്

4 . ഈശ്വരാ എനിക്കെന്തിനിത്രയും സൗന്ദര്യം തന്നു

5.  അട്ട്രാക്ഷാ നിന്നെ കൊണ്ട് ഞാന്‍ തോറ്റു

6.  ശ്യോ....

7.  ശ്യോ. എന്നെ കൊണ്ട് വീണ്ടും വീണ്ടും തോറ്റു

8.  പണ്ടാരമടങ്ങാന്‍

9. ഹോ.. എന്റെ ഒടുക്കത്തെ ഒരു സൗന്ദര്യം.

10.  എത്രയും പ്രിയപ്പെട്ട കാലമാടാഅഥവാ ഈ വാക്കുകളോ വാചകങ്ങ ളോ   ഉപയോഗിച്ചേ മതിയാകൂ എന്നുള്ളവര്‍, അഞ്ചു രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍  എഴുതി ഒപ്പിട്ട     അപേക്ഷ ഏതെങ്കിലും പോസ്റ്റ്‌ ബോക്സില്‍ നിക്ഷേപിക്കേണ്ടാതാണ്..

ഈ ഉത്തരവ് പിന്തുടരുന്നില്ല എന്ന് കണ്ടാല്‍ ദോശയുമായി ബന്ധപ്പെട്ട ചുവടെ കൊടുക്കുന്ന ഏതു നിയമ നടപടിയും പ്രതീക്ഷിക്കാവുന്നതാണ്: -

1. ഒരിക്കല്‍ ഉത്തരവ് തെറ്റിച്ചാല്‍  - മൂന്നു ദോശയും ചമ്മന്തിയും ഒരാഴ്ച തുടര്‍ച്ചയായി ടിയാന് നല്‍കുക (രാവിലെയും വൈകിട്ടും)

2. രണ്ടാമത് തെറ്റിച്ചാല്‍ - ആറ് ദോശയും ചമ്മന്തിയും ഒരു വര്ഷം തുടര്‍ച്ചയായി ടിയാന് നല്‍കുക (രാവിലെയും വൈകിട്ടും)

3. മൂന്നാമതും, അതിലേറെയും   പ്രാവശ്യം തെറ്റിച്ചാല്‍ - ആജീവനാന്തം എട്ടു  ദോശയും ചമ്മന്തിയും നേന്ത്രപ്പഴവും  ചായയും സഹിതം ടിയാന് നല്‍കുക (രാവിലെയും വൈകിട്ടും)


ഒപ്പ് -
Signed by:
പ്രസിഡന്റ്‌
President
ലോക സൗന്ദര്യ നിയന്ത്രണ യൂണിയന്‍ (ലോ. സു.  നി . യു)
World Beauty Control Union (W.B.C.U)

copyright © 2010

ചന്ദ്രമതീ സോമേ ണ്ണ ന്‍ വിളിക്കുന്നു

ചന്ദ്രമതീ .. പ്രാണസഖീ... .. നീ എവിടെയാണ്? (എവിടെ പോയി പണ്ടാരമടങ്ങി എന്ന് ചോദി ക്കാന്‍ വാ തരിക്കുന്നുണ്ട്) , എത്ര നാളായി കണ്ടിട്ട്? നീ പോയതിനു ശേഷം ഇവിടെ "സ്റ്റാറ്റസ് മെസ്സേജു" എഴുതി എഴുതി എന്റെ കയ്യൊടിഞ്ഞു... മൊബൈല്‍ ഫോണില്‍ ഓരോ പ്രാവശ്യവും "ഫോണ്‍ എടുക്കട, ഫോണ്‍ എടുക്കെടാ പുല്ലേ" എന്ന റിംഗ് ടോണ്‍ മുഴങ്ങുമ്പോള്‍ അത് നീ ആയിരിക്കണേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കും, പക്ഷെ അവിടെയും തിരിച്ചടി മാത്രം, റിംഗ് ടോണിനെ ഫോളോ ചെയ്തു വരുന്ന "പലവ്യന്ജന കടക്കാരന്റെയും,  പാല്‍ക്കാരന്റെയും  മീന്‍ കാരന്റെയും  പുളിച്ച വാക്കുകള്‍ - എന്താടാ പുല്ലേ ഫോണ്‍ എടുക്കാന്‍ ഇത്ര താമസം" . മൊബൈല്‍ തന്നെ വെറുത്തു പോകുന്നു പ്രാണ സഖീ..

"സോമ ശേഖരന്‍ പിള്ള" എന്ന എന്നെ "സോമേണ്ണാ " എന്ന് വിളിച്ചവള്‍ നീയല്ലേ? നിനക്കെങ്ങനെ കഴിയുന്നു എന്നെ മറക്കാന്‍....   

നീ പോയതിനു ശേഷം പഴയ ഓര്‍മ്മകള്‍ അയവിറക്കി കൊണ്ട് നമ്മള്‍ ഇരിക്കാറുള്ള ആ കുന്നിന്‍ ചരുവില്‍ പോയിരുന്നു മനസ്സമാധാന ത്തിനായി   നിന്റെ പേരെടുത്തു ഉറക്കെ വിളിക്കും,  എന്റെ കാറല്‍ കേട്ട് അവിടെ മേയുന്ന എരുമകളും, പശുക്കളും അതേറ്റു പാടും. എന്റെ തേങ്ങലുകള്‍ നീ മാത്രം എന്തെ കേള്‍ക്കുന്നില്ല  ? എന്റെ തേങ്ങല്‍ കണ്ടു സഹിക്കാതെ അപ്പുറത്ത് കൂടി പോകുന്ന പട്ടി പോലും ഓരിയിട്ടും കൊണ്ടാ ഓടുന്നത് .

ഞാന്‍ മേടിച്ചു തന്ന വളകളും, ക്യൂട്ടക്സും, മാലകളും ഒക്കെ കാണുമ്പോള്‍ നിനക്കെന്നെ ഓര്മ വരുന്നില്ലേ? അതൊക്കെ മേടിച്ച ബില്ല് കാണുമ്പോള്‍ ഞാന്‍ നിന്നെ ഓര്‍ക്കാറുണ്ട്. ആ ബില്ലിന്റെ അവസാനം കാണുന്ന തുകകള്‍ കാണുമ്പോള്‍ വെറുതെ മോഹിക്കും "ഈശ്വരാ, ഈ കാശിനു എത്ര പൊറോട്ട കഴിക്കാമായിരുന്നു..എങ്കില്‍ അതൊക്കെ "ആരോഗ്യത്തിന്റെ രൂപത്തില്‍" എന്റെ ശരീരത്തു കണ്ടേനെ, ആ കാശ് കൊണ്ട്   , എത്ര ഉണ്ടന്‍ പൊരി മേടിക്കായിരുന്നു, ഒന്നുമില്ലേലും പട്ടിയെ എറിയാനെങ്കിലും ഉപകരിചേനെ..

സ്നേഹമാണ് അഖില സാരമൂഴിയില്‍ എന്ന് ആരോ പാടിയത് നീ കേട്ടിട്ടില്ലേ? സ്കൂളില്‍ പോകാത്തത് കാരണം ഞാന്‍ "കേട്ടിട്ടില്ല", പക്ഷെ "കണ്ടു" ഇന്നലെ കപ്പലണ്ടി പൊതിഞ്ഞ പേപ്പറില്‍ എഴുതിയിരിക്കുന്നത്.. ഏതു വിധേനയും നിനക്ക് ഞാനീ പേപ്പര്‍ അയച്ചു തരാം. അത് വായിച്ചിട്ടെങ്കിലും ഒന്ന് വാ. ഒന്ന് വിളി...

"മാനസമൈനെ നീ വരൂല്ലേ" എന്ന പാട്ടും പാടി ഈ തോട്ടിന്കരയില്‍ കൂടി നടക്കണം എന്നുണ്ട്, പക്ഷെ എരണം കേട്ട ദാരിദ്രവാസികളായ ഒണക്ക കാമുകന്മാര്‍ ആ പാട്ട് പാടി പാടി അതിന്റെ വെല കളഞ്ഞു, 

പറയൂ ഞാനിനി എന്ത് ചെയ്യണം?  എങ്ങുമില്ലേ ഈ സോമശേഖരന് ഒരു  സാന്ത്വനം...
  

ഇതേ സമയം അങ്ങ് ദൂരെ ദൂരെ "ചന്ദ്രമതി" എന്ന നായിക അവളെ കെട്ടിയ "രാജ ശേഖരനെ" "രായേട്ടാ" എന്നും വിളിച്ചു സമാധാനം കെടുത്തുകയായിരുന്നു. രായെണ്ണന്‍ മേടിച്ചു കൊടുത്ത സാരിയില്‍ പൂക്കളുടെ എണ്ണം കുറവെന്നും പറഞ്ഞു ആ മനുഷ്യനെ കൊല്ലാക്കൊല ചെയ്യുവായിരുന്നു


ഈ വിവരം സോമേണ്ണ നെ  ഞാന്‍ എങ്ങനെ അറിയിക്കും ഭഗവാനെ (അവളുടെ കല്യാണം കഴിഞ്ഞു രണ്ടു പിള്ളേ രായി   എന്ന സത്യം) .. വേണ്ട അറിയിക്കേണ്ട.. അറിയിച്ചാല്‍ "കൂടുതല്‍ പൂക്കളുള്ള  " സാരിയുമായി സോമേ ണ്ണ ന്‍ പിന്നെയും ആക്റ്റീവ് ആയാലോ...


അറിയിക്കാതിരുന്നാല്‍ "പത്തു സ്റ്റാറ്റസ് മെസ്സേജു ഇടുന്ന ചിലവല്ലേ   ഉള്ളൂ...."  

രായപ്പന്‍ v /s ഭാര്‍ഗവി & കോലപ്പന്‍ v /s ചെല്ലമ്മ

കോലപ്പാ.. ഒഴിക്കെടാ..

രായപ്പാ... .. കുടിക്കെടാ...പക്ഷെ നീ എന്നാത്തിനാടാ ഇങ്ങനെ കുടിക്കുന്നത്?

ഹോ. എന്നാ പറയാനാ... വീട്ടിലെ മൂധേവിയെ കൊണ്ട് തോറ്റു.. ഏതു നേരവും ചൊറിയുന്ന വര്‍ത്ത മാനമേ  പറയൂ..

ചായ്... മോശം മോശം. എന്നെ കണ്ടു പിടിക്ക്. ഇത് കണ്ടോ... ഇത് രണ്ടെണ്ണം വീശി നേരെ അങ്ങട് ചെല്ലും. അവള്‍ എന്തങ്കിലും പറയാന്‍   വേണ്ടി വാ തുറന്നോ, അപ്പൊ കൊടുത്തിരിക്കും അടി.. ആണുങ്ങള്‍ ആയാല്‍ ധൈര്യം വേണമെടാ ധൈര്യം. 

കോലപ്പാ, എന്താണെന്നറിയില്ല, അവളുടെ കരടി മോന്ത കണ്ടാലേ എന്റെ മുട്ടിടിക്കും. തല്ലാന്‍ കൈ പൊക്കുന്നത് പോയിട്ട് അത് ഓര്‍ക്കാനുള്ള ധൈര്യം പോലും വരത്തില്ല അപ്പോള്‍ . എന്തെങ്കിലും പറയാമെന്നു വിചാരിച്ചാല്‍, അവളൊട്ടു സമ്മതിക്കത്തു മില്ല.

ചായ്... എന്നതാട ഉവ്വേ ഇത്. നീ കള്ള് കുടിയന്മാരായ ആണുങ്ങള്‍ക്ക് പേരുദോഷം വരുത്തിയെ അടങ്ങൂ... ഈ ധൈര്യം എന്ന് പറയുന്നത് റേഷന്‍ കടയില്‍ കിട്ടുന്നതല്ല. അത് നമള്‍ ഒണ്ടാക്കി എടുക്കണം  .    എന്നെ നോക്ക് "സിങ്ക മാണെടാ സിങ്കം"

സിങ്കമോ.. അതെന്നതാടാ ഉവ്വേ....

സിങ്കം. കാട്ടിലെ രായാവ്..

ഉവ്വ. 

രായപ്പാ..ഇന്ന് നീ ചെല്ല്. ചെന്നിട്ട് അവള്‍ക്കിട്ടു രണ്ടെണ്ണം പൊട്ടീര്.. എന്നിട്ട് പറയ്, മൂക്കന്‍  പാമ്പിനോട് ഇടയല്ലെടീ.. എന്ന്. ആ ഒറ്റ അടിയില്‍ അവള്‍ പഠിച്ചിരിക്കണം...നാളെ മുതല് അവള് പൂച്ചകുട്ടി ആവുമെടാ പൂച്ചക്കുട്ടി. 

കോലപ്പാ... ഏറ്റെടാ ഏറ്റു. ഇന്ന് കാണിച്ചു കൊടുക്കുന്നുണ്ട് അവള്‍ക്കു രായപ്പന്‍ ആരാണെന്ന് 
ഗള് ഗള് ഗള് 

രായപ്പാ, പതുക്കെ കുടിയെടാ ശ്വാസം പോകുമെടാ..

കോലപ്പാ.. ആവേശം കേറിയാ പിന്നെ ഈ രായപ്പന്‍  പുലിയാടാ  പുലി.. കരിം പുലി 

കൊള്ളാമെടാ രായപ്പാ.. നിന്നെ കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ ബഹുമാനം കൊണ്ട് എന്റെ രോമം കമ്പ്ലീട്ടു എഴുന്നേറ്റു നില്‍ക്കുന്നു. ചെല്ല്.. പുലിയെ പോലെ പോരാട്. നാളെ കാണാം. 

ശരിയെടാ കോലപ്പാ.. നാളത്തെ കുപ്പി എന്റെ വക

അട്ടഹസിച്ചു കൊണ്ട് തന്നെ രായപ്പന്‍ വീട്ടിലെത്തി. വാതില്‍ ചവിട്ടി തുറന്നകത്തു കയറി... അല്‍പ സമയം കഴിഞ്ഞു രായപ്പന്റെ അയല്‍ക്കാര്‍ കേട്ടത് നടുക്കുന്ന അലര്‍ച്ചയായിരുന്നു.. 

"അയ്യോ.. രക്ഷിക്കണേ... ഈ മറുതായില്‍ നിന്ന് ആരേലും എന്നെ രക്ഷിക്കണേ... ഭാര്‍ഗവീ, എന്റെ കഴുത്തീന്നു കയ്യ് എടുക്കെടീ.. ഞാന്‍ ചത്തു പോകുമെടീ..."

നാടുകാര്‍ ഓടി വന്നെങ്കിലും അവര്‍ക്ക് കാണാന്‍ കഴിഞ്ഞത് ഭാര്‍ഗവിയുടെ ആദ്യത്തെ ഇടിക്കു തന്നെ  ബോധം പോയി വീണു കിടക്കുന്ന രായപ്പനെയാണ്. 

പക്ഷെ കോലപ്പന്റെ അയല്‍ക്കാര്‍ അന്നും സമാധാനമായി തന്നെ ഉറങ്ങി, കാരണം അവര്‍ക്ക് നിലവിളി ഒരു ശീല മായി കഴിഞ്ഞിരുന്നു... കൊച്ചു കുട്ടികള്‍ ആ നിലവിളി കേള്‍ക്കാതെ ഉറങ്ങില്ല എന്ന സ്ഥിതി വിശേഷം ആയിരുന്നു. ആയിടെ രണ്ടാം ക്ലാസ്സില്‍ ചേര്‍ന്ന "സുമതി" എന്ന കുഞ്ഞ്  ആ നിലവിളി ചിരിയോടെ ഇങ്ങനെ ഏറ്റു ചൊല്ലി ...

"അയ്യോ...ചെല്ലമ്മേ.. കൊല്ലല്ലെടീ... വയ്യായേ... ഭഗവാനെ.. ഇവളില്‍ നിന്ന് എന്നെ രക്ഷിക്കേണമേ... ഇവളുടെ തല്ലും ചവിട്ടും മേടിക്കാനുള്ള ആരോഗ്യം എനിക്ക് തരേണമേ..   അയ്യോ... .."

ഹ ഹ . ഇവന്റെ ഒരു കാര്യം

 പോരുന്നോ നീയ്?
അപ്പൂപ്പനും അമ്മൂമ്മയും നിന്നെ നേരില്‍ കാണാന്‍ കൊതിചിരിക്കയാ.. വന്നു കാണ്.

ഞാന്‍ ഞാന്‍.... വരണോ? വന്നാല്‍.....വന്നാല്‍ ..പിന്നെ ഇവിടെ .... ഇവര്‍....രണ്ടു വീട്ടിലും..................അവരുടെ കാര്യം  !!!!!

വന്നാല്‍ അപ്പൂപ്പന്‍ എപ്പോഴും തരുന്ന മിട്ടായി തിന്നാം  , ഗ്ലാസ്സില്‍ പകുതിയാക്കി   വയ്ക്കുന്ന ചായ ഓടി ചെന്ന് കുടിക്കാം. ഉത്സവത്തിന്‌ കൊണ്ട് പോയി ബലൂണ്‍ മേടിച്ചു തരും. പനി വരുമ്പോള്‍ കൂടെ ഉറങ്ങാതെ ഇരുന്നു നെറ്റി തടവി തരും....അങ്ങനെ അങ്ങനെ ...പിന്നെ

അമ്മൂമ്മ എണ്ണ തേച്ചു കുളിപ്പിക്കും. തലയില്‍ രാസ്നാദി തേച്ചു തരും. മടിയില്‍ കിടത്തി കഥ പറഞ്ഞു തരും. പാട്ട്   പഠിപ്പിക്കും. തിരുവാതിര മുദ്രകള്‍ കാണിച്ചു തരും
എന്താ വന്നൂടെ?

ഞാന്‍ വന്നാല്‍ ഇവിടെ ആരുണ്ട്‌?
കുട്ടന്റെ കല്യാണം. മോന്റെ ഗുരുവായൂരിലെ തുലാഭാരം, പഴനിയിലെ നേര്ച്ച, കാവില്‍ തൊഴാന്‍ പോണം. പുതുക്കി പണിത കാവ് കാണണം. അച്ഛനെയും അമ്മയെയും മോനെയും അവളെയും കൊണ്ട് അമ്പലങ്ങളില്‍ പോകണം.

പിന്നെ ദിവസവും അവളെയും പിന്നിലിരുത്തി  സ്കൂളില്‍ കൊണ്ട് ചെന്നാക്കണം, വൈകിട്ട് ചെന്ന് വിളിച്ചു കൊണ്ട് വരണം. ആ യാത്രകള്‍ക്കിടയില്‍ അന്നന്ന് സ്കൂളില്‍ നടന്ന കാര്യങ്ങള്‍ അവള്‍ തോളില്‍ തലവച്ചു പറയുമ്പോള്‍ ചിരിയോടെ കേള്‍ക്കണം, "എന്നിട്ട് എന്നിട്ട്  " എന്ന് ചോദിച്ച് അവളെ പറയാന്‍ നിര്‍ബന്ധിക്കണം.

എനിക്ക് വരാന്‍ തോന്നുന്നില്ല. വരാന്‍ ഇവര്‍ സമ്മതിക്കില്ല. ഞാന്‍ എന്താ ചെയ്ക??

ശരി.. എന്നാല്‍ പിന്നെ അങ്ങനെ ആയ്ക്കോട്ടെ. ‍ പിന്നെ കാണാം

Sunday, October 31, 2010

അനിയന്‍ തമ്പുരാന്‍ ചേച്ചി തമ്പുരാട്ടി ക്കയച്ച കത്തുകള്‍

                                                                                                                  ബഹ്‌റൈന്‍
                                                                                                                  31  ഒക്ടോബര്‍ 2010

എത്രയും സ്നേഹം നിറഞ്ഞ മിനി ചേച്ചി വായിച്ചറിയുവാന്‍ അനിയന്‍ തമ്പുരാന്‍ അയക്കുന്ന കത്ത്,

അവിടെ എല്ലാര്‍ക്കും സുഖമെന്ന് വിശ്വസിക്കുന്നു. ഇവിടെ എനിക്കും സുഖം തന്നെ.
നാട്ടിലും   എല്ലാര്‍ക്കും സുഖമെന്ന് വിശ്വസിക്കുന്നു. ദിവ്യയും ശങ്കരനും അച്ഛനും അമ്മയും സുഖമായിരിക്കുന്നു.

വേറെ എന്തൊക്കെ വിശേഷം?
അവിടെ മഴയുണ്ടോ? പാടത്ത് പണിക്കാരുന്ടോ? നെല്ല് കൊയ്യാ റായോ  ? പത്തായത്തില്‍ നെല്ല് ഓണം വരെ തികയുമോ?

മൂവാണ്ടന്‍ മാവ് ഇക്കൊല്ലം കായ്ചോ? മാങ്ങ പെറുക്കി ഉപ്പിലിട്ടോ, അതോ പഴുക്കാന്‍ വച്ചോ ?  

പറമ്പില്‍ തേങ്ങ ഇഷ്ടം പോലുണ്ടോ?

വരിക്ക ചക്ക പഴുത്തത് അമ്മ അയക്കുമെന്ന് പറഞ്ഞത് ഇത് വരെ അയച്ചില്ലല്ലോ? അവിടെ ആദ്യം കിട്ടിയാല്‍ ഇങ്ങട് കൊടുത്തയച്ചാല്‍ മതി. ഇവിടെ ആദ്യം കിട്ടിയാല്‍ അവിടേക്കും കൊടുത്തയക്കാം.

അപ്പുറത്തെ വീട്ടിലെ വല്യമ്മ, പുതിയ തരം വാഴ തൈ മേടിച്ചു നട്ടു എന്ന് പറഞ്ഞു കേട്ടു. നമുക്കും തരാം എന്ന് പറഞ്ഞു.  

ശാരദേടത്തിയുടെ   മോളുടെ വേളി ആയെന്നു കേട്ടു. വരുന്ന ധനുമാസം  പന്ത്രന്ടിനു.

ഇന്ന്  ആയില്യമാണ് ...നമ്മുടെ കുടുംബ      കാവില്‍  പൂജയുണ്ടായിരുന്നു.

വേറെ ഇവിടെ പറയത്തക്ക വിശേഷം ഒന്നും തന്നെ യില്ല.
 ബാക്കി വിശേഷങ്ങള്‍ അടുത്ത കത്തില്‍ അയക്കാം,

എല്ലാരെയും ചോദിച്ചതായി പറയണേ..

ഈ കത്ത് കിട്ടിയുടന്‍ മറുപടി അയക്കണേ....

സ്വന്തം,
അനിയന്‍ തമ്പുരാന്‍

Saturday, October 30, 2010

തമ്പുരാന്റെ വിങ്ങല്‍

 ചായകുടിയും കഴിഞ്ഞു തമ്പുരാന്‍ തന്റെ ചാര് കസേരയില്‍ ചാഞ്ഞിരുന്നു

എന്തോ ഒരസ്വസ്ഥത.. ഉള്ളു വിങ്ങി പൊട്ടുന്ന പോലെ..
പരദേവതയെ മനസ്സാല്‍ ഭജിച്ചു..
കുളിചിട്ട്  ഒന്ന്    തൊഴുതാല്‍ നേരെയാവും എന്ന് മനസ്സ് പറഞ്ഞു.
പള്ളി നീരാടുമ്പോഴും ഉള്ളിലൊരു വിങ്ങല്‍ തന്നെ. നീരാടി കഴിഞ്ഞു വിളക്ക് കത്തിച്ചു നന്നായി പ്രാര്‍ത്ഥിച്ചു..
ഉള്ളിലിരുന്നു ആരോ മന്ത്രിക്കും പോലെ,, "എടുക്കൂ ആ ലാപ്ടോപ്, പകരൂ ഈ വിങ്ങല്‍ അതിലേക്ക്"...


അങ്ങനെ കുറെ മിനിട്ടുകള്‍ തന്നെ   കഷ്ട്ടപ്പെടുത്തിയ ആ വിങ്ങല്‍  തമ്പുരാന്‍
 ലാപ് ടോപ്പിലേക്ക് പകര്‍ത്തി


" ആരു നിന്‍ കാമുകി, ആരു നിന്‍ പ്രേയസി
ആരു നിന്‍ ഹൃദയ തുടിപ്പെന്നു ചൊല്‍ക നീ
നിന്നോടിണങ്ങുവാന്‍   ഉണ്ടൊരു പാട് പേര്‍
നിന്നെ പോല്‍ ആദരണീയരാം   കൂട്ടുകാര്‍
നിറത്തിലും ഗുണത്തിലും  പേരേറെ യുള്ളവര്‍
എങ്കിലും നിന്നെ കുറിച്ചു  ചൊല്ലുമ്പോഴും
എങ്കിലും   നിന്നെ സ്തുതിച്ചു പാടുമ്പോഴും
നാവില്‍ വരുന്നൊരു പേരൊന്നു  മാത്രം
"ചമ്മന്തീ" നീ തന്നെ ദോശയ്ക്ക് കൂട്ട്
"ചമ്മന്തീ" നീ തന്നെ ദോശയ്ക്ക് പ്രേയസി
ഹൃദയത്തുടിപ്പാണ്  നിങ്ങള്‍ ഇരുവരും
 "ശ്രീവത്സം" വാഴുമാ തമ്പുരാനെന്നെന്നും".


ഈ "വിങ്ങല്‍" വായിച്ച് "മിനി ചേച്ചി" ചട്ടുകം കയ്യില്‍ എടുക്കുന്നത് ഇവിടിരുന്നു തമ്പുരാന്  കാണാം. സത്യമല്ലേ മിനി ചേച്ചീ..!!!!!!!!!!!!!!ഹ ഹ ഹ

ഈ തമ്പുരാന്റെ ഒരു കാര്യം.

ചാത്തപ്പന്‍ മണ്ണുണ്ണി.

 തമ്പുരാന്‍ ഒന്നര ലിറ്റര്‍  ചായ നിറച്ച ഗ്ലാസ് മേശപ്പുറത്തു വച്ചു. വിരലുകള്‍ തമ്മില്‍ എന്തോ അടക്കം പറഞ്ഞത് പോലെ തോന്നി.

അടുത്തിടെ മുഖ പുസ്തകത്തില്‍ ശ്രവിക്കേണ്ടി വന്ന ഒരു  സംഭവത്തെ കുറിച്ച്   തമ്പുരാന്‍ അറിയാതെ  ലാപ്ടോപ്പില്‍ പകര്‍ത്തിയാലോ എന്ന് ചൂണ്ടു വിരല്‍ കുഞ്ഞു   വിരലിനോട്‌ അടക്കം പറയുന്നു.

പക്ഷെ തമ്പുരാന്‍ ആരാ മൊതല്.. .. രണ്ടു വിരലുകളും അറിയാതെ തള്ളവിരലിന്റെ മറവില്‍ ചെവി കൂര്‍പ്പിച്ചു വച്ചു..

എന്റെ കുഞ്ഞു വിരലെ... മറ്റൊന്നുമല്ല  ഒരു മഹാന്റെ "അനശ്വര കൃമി കടി"യെ കുറിച്ച് എഴുതണമെന്നു ഒരാശ. പിന്നെ തോന്നി എഴുതിയാല്‍ ആ "നിര്‍ഗുണ പരബ്രഹ്മന്റെ" കൃമി കടി മാറുമോ? മാറിയില്ലെങ്കിലും മാറ്റാനുള്ള ശ്രമം നടത്തി എന്ന നിര്‍വൃതിയോടെ രാവിലെ തമ്പുരാന്റൊപ്പം ആറ്റില്‍ മുങ്ങി കുളിക്കാലോ ......

അതെന്താ സംഭവം ചൂണ്ടെട്ടാ ?  

ഹ ഹ . കുഞ്ഞുവേ    .. അവന്റെ പേര് "ചാത്തപ്പന്‍" മണ്ണുണ്ണി. ആളൊരു ഇടിവെട്ട് മച്ചാന്‍... ശരിക്കും പേര് ചാത്തപ്പന്‍ എന്നാണെങ്കിലും പ്രൊഫൈലില്‍ "രാജന്‍  പൊന്നുണ്ണി": എന്നാ ഇട്ടിരിക്കുന്നത്. സാധാരണ ഗതിയില്‍ "ഒരു വടിയേല്‍ തുണി ചുറ്റി' വച്ചിരിക്കുന്നത് കണ്ടാല്‍ അതിനെ നോക്കി കണ്ണിറുക്കി "ഐ ഡബ്ലിയൂ" എന്ന് പറയുന്ന ഒരു "ഞരമ്പ്‌ പേഷ്യന്റ്"

ഹ ഹ ഹ. കൊള്ളാലോ ലവന്‍. ഒരു മന്ത്രിയാവാനുള്ള ഭാവി കാണുന്നുണ്ടല്ലോ...  എന്താ അവന്റെ പുതിയ വര്‍ത്തമാനം?

അതാ രസം. വടക്കേലെ ചന്ദ്രേട്ടന്റെ  മോള്‍ "ആരാധന" യോട് അവനു ഒരു   ദിന്കോല്‍ഫിക്കേഷന്‍   ...  അവളോട്‌ നേരിട്ട് പറഞ്ഞാല്‍ അവളുടെ ചെരുപ്പിന്റെ സൈസ് എത്രയെന്ന്  അവന്റെ കവിളുകള്‍ക്ക്  മനസ്സിലാകും . അത് കൊണ്ട് അവന്‍ വേറൊരു വഴി കണ്ടു   പിടിച്ചു. അവള്‍ക്കു സ്ഥിരം ഓരോ സന്ദേശം (PM ) വിടുക. ആ സന്ദേശതിനൊടുവില്‍ "അന്നാമ്മ കലീന" എന്ന് ചേര്‍ക്കുക. 

"അന്നാമ്മ കലീന" യോ? അതെന്നാ മറുതയാ???  

ഹ ഹ. സ്കൂളില്‍ പോകാത്ത അവനു എങ്ങിനെയാ  അതിന്റെ അര്‍ഥം അറിയാന്‍ പറ്റുക. അവന്‍ കയ്യില്‍ വന്നത് അങ്ങ് കാച്ചി. അത്ര   തന്നെ.

എന്നിട്ട്?

എന്നിട്ടെന്താ, അവള്‍ അവളുടെ ചേട്ടന്മാരോട് വിവരം പറഞ്ഞു.

ശോ. എന്നിട്ട്?

എന്നിട്ടെന്താ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവന്റെ വീട്ടില്‍ ഒരു പാഴ്സല്‍ എത്തി.

ഹ ഹ. പാഴ്സലോ ? എന്താ പതിവുള്ള തല്ലാണോ?

അല്ല കുഞ്ഞുവേ.. "രണ്ടു കുപ്പി വായു ഗുളിക"

അതെന്നാ സംഭവം?

"അന്നാമ്മ കലീന" എന്ന വാക്കിന്റെ   ശരിക്കും ഉള്ള അര്‍ത്ഥം ഇതായിരുന്നു .. "അമ്മൂമ്മയ്ക്ക് അടിയന്തിരമായി വായു ഗുളിക വേണം" .

ആ ചേട്ടന്മാരെ സമ്മതിക്കണം. അവന്‍ ആളൊരു ഭൂലോക "മറ്റവന്‍" ആയിരുന്നിട്ടു കൂടി അവന്റെ അമ്മൂമ്മയുടെ ആരോഗ്യത്തെ കരുതി അവര്‍ വായു ഗുളിക അയച്ചു കൊടുത്തില്ലേ..

ഹ ഹ. എടാ കുഞ്ഞാ, നീ ഇത്രയ്ക്ക് ശുദ്ധനായി പോയല്ലോ.. അത് അവനിട്ട് ഒരു വാണിംഗ് ആയിരുന്നു. ഇനി ഇമ്മാതിരി അന്നാമ്മമാരെയും കൊണ്ട് വന്നാല്‍ നിനക്ക് ആജീവനാന്തം "ഈ ഗുളികയും" കഴിച്ചു നടക്കേണ്ടി വരും എന്നാ ആ ചേട്ടന്മാര്‍ ഉദ്ദേശിച്ചത്.

ഹ ഹ. കൊള്ളാം. ചാത്തപ്പന്‍ "ചത്തപ്പന്‍ " ആയി മാറുമോ?
ഈ തമ്പുരാന്‍ എന്താ ഇങ്ങനെ ഇരിക്കുന്നത്? നമ്മള്‍ പറഞ്ഞത് കേട്ട് കാണുമോ?

ഉം ഉം, കണ്ണ് അടച്ചു ഇരിക്കുവാ... പക്ഷെ ഒരു കള്ള ച്ചിരി കാണുന്നുണ്ട്. കേട്ട് കാണും. മിക്കവാറും നമുക്ക് മുന്നേ എഴുതി പണ്ടാരമടക്കും.

ആ ടിഷ്ക്കൂ..

Sunday, October 24, 2010

"അമാവാസിയിലെ പൌര്‍ണമി" - തങ്കപ്പന്‍ ഞാറ്റടി മുക്ക്

തങ്കപ്പന്‍ ആഞ്ഞു ആഞ്ഞു എഴുതി തുടങ്ങി.. നാളെ കൊടുക്കേണ്ട തുടരന്‍ നോവല്‍ ആണ്. നാളെ കൊടുത്തില്ലെങ്കില്‍ "മഹിളാ മണികളുടെ ഹൃദയ തുടിപ്പായ" ""പിച്ച ചട്ടി" വാരികയിലെ "ഗര്‍ജിക്കുന്ന സിംഹം" ആയ ഈ "തങ്കപ്പന്‍ ഞാറ്റടി മുക്കിനെ" ആ എഡിറ്റര്‍ പിശാചു രായെന്ദ്രന്‍ ഒരു ദാക്ഷിണ്യമില്ലാതെ വിളിക്കുന്ന പുളിച്ച "മറുനാടന്‍ ഭാഷ പ്രയോഗങ്ങള്‍" ഓര്‍ക്കുമ്പോള്‍ കയ്യുടെ സ്പീഡ് കൂടുന്നു...

"കുറ്റാ കൂരിരുട്ട്.. അന്ന് "കറുത്ത വാവായിരുന്നു". ആകാശത്തു പൂര്‍ണ ചന്ദ്രന്‍ വെട്ടി തിളങ്ങി. അത് കണ്ടു അസൂയപൂണ്ട നക്ഷത്രങ്ങള്‍ തിളങ്ങി തിളങ്ങി പണ്ടാരമടങ്ങി  . ഞാന്‍ ഫസ്റ്റ് ഞാന്‍ ഫസ്റ്റ് എന്ന രീതിയില്‍ അവ കത്തി കൊണ്ടിരുന്നു,

"അശ്വാരൂഡരായ"  നാല് ചെറുപ്പക്കാര്‍  ഒരു "നീല മാരുതി കാറില്‍" അവിടെ വന്നിറങ്ങി. അവിടെങ്ങും "ദുഃഖം" തളം കെട്ടി കിടപ്പുണ്ടായിരുന്നു.   അവര്‍ അതില്‍ ചവിട്ടാതെ മുന്‍പോട്ടു നീങ്ങി. പെട്ടെന്ന് ഒരു നിലവിളി കേട്ടു.. "ഹയ്യോ" .... എന്നെ പൂച്ച മാന്തിയെ, രക്ഷിക്കണേ.. . അവര്‍ അത് വക വച്ചില്ല.  കാരണം അവര്‍ക്ക് ചെയ്തു തീര്‍ക്കേണ്ട മറ്റൊരു ജോലിയുണ്ടായിരുന്നു. ടണ്‍ ട ഡാന്‍..

ഡോക്ടര്‍ ബാലചന്ദ്രന്റെ കാല്‍ "ആക്സിലേറ്ററില്‍" ഞെരിഞ്ഞമര്‍ന്നു. കാര്‍ ഒരു ഞരക്കത്തോടെ നിന്നു. ******** "ടമാര്‍" ******* 
ഡോക്ടര്‍ തന്റെ പോക്കറ്റില്‍ നിന്നും തോക്ക്  പുറത്തെടുത്തു. കുറ്റി ക്കാട്ടില്‍ ഒളിച്ചു നിന്നിരുന്ന ആ നാല് പേരെ നോക്കി "രണ്ടു വട്ടം" നിറയൊഴിച്ചു. "സൈലന്‍സര്‍  ഘടിപ്പിച്ച" തോക്കില്‍ നിന്നും, ചെവി പൊട്ടുമാറു  ശബ്ദം പുറത്തു വന്നു "ട്ടെ ട്ടെ ട്ടെ ട്ടെ", ആകാശത്തു കൂടി വര്‍ക്കല ലക്ഷ്യമാക്കി പറന്നു കൊണ്ടിരുന്ന നാല് കാക്കകള്‍ വെടിയേറ്റ്‌ ആ ചെറുപ്പക്കാരുടെ പുറത്തു വീണു. ഞെട്ടി തരിച്ച ആ ചെറുപ്പക്കാര്‍ പിറകോട്ടു നോക്കാതെ ഓടി. അടുത്തു കണ്ട പ്ലാവിന് പിന്നില്‍ ഒളിച്ചു.
"ബ്ലഡി ഹെല്‍" ഇപ്പ്രാവശ്യവും അവന്മാര്‍ രക്ഷപ്പെട്ടു ഇനിയും വരും അവന്മാര്‍ തേങ്ങ കക്കാന്‍. കാണിച്ചു കൊടുക്കുന്നുണ്ട്  . അള്ള്‌ വയ്ക്കും ഞാന്‍.
ബാലചന്ദ്രന്‍ തിരിച്ചു കാറില്‍ കയറി. ബ്രേക്കില്‍ ആഞ്ഞു ചവിട്ടി, കാര്‍ ചീറി പാഞ്ഞു.

കാറ് മറയേണ്ട താമസം. ആ ചെറുപ്പക്കാര്‍ പതുക്കെ എഴുന്നേറ്റു. എന്താ ഒരു മണം. ഹേ.. ചക്ക പഴുത്തു നില്‍പ്പുണ്ടോ.. ഇന്നിനി തേങ്ങ വേണ്ട.. ചക്ക പ്പഴം  കഴിക്കാം,.

പെട്ടെന്ന് ഒരു ചിലങ്ക കരയുന്ന ശബ്ദം അവര്‍ കേട്ടു. ച്ലിം ച്ലിം, ച്ലിം,, പാലപ്പൂവിന്റെ മണം. ആരാ അവിടെ.. ?
അമ്പലത്തില്‍ എഴുന്നള്ളിക്കാന്‍ കൊണ്ട് പോകുന്ന ആനയാടാ. വിട്ടേക്ക്.. ഓ.. ഐ സീ

പക്ഷെ അവര്‍ അറിയാതെ അവരെ തന്നെ നിരീക്ഷിച്ചു കൊണ്ട് ഒരാള്‍ അവര്‍ക്ക് പിറകില്‍ കുറച്ചു അകലത്തായി നില്‍പ്പുണ്ടായിരുന്നു. അയാളുടെ കയ്യില്‍ വെട്ടി തിളങ്ങുന്ന കത്തിയും, ചുണ്ടില്‍ കത്തുന്ന കാജാ ബീഡിയും.  ഏതു നിമിഷവും എന്തും സംഭവിക്കാം. ടിടിക് ടിടിക് ടിടിക്...

(തുടരും)

Thursday, October 21, 2010

വല്സലാകുമാരിയും ഇംഗ്ലീഷും

അടുക്കള പണിയൊക്കെ ഒതുക്കി വത്സലാ കുമാരി കമ്പ്യൂട്ടറിന് മുന്നില്‍ ഇരുന്നു.

ആനയുടെ വലിപ്പമുള്ള കമ്പ്യൂട്ടര്‍ ഒന്ന് മാറ്റിക്കൂടെ മനുഷ്യാ എന്ന് മനസ്സില്‍ "കാന്തനെ" തെറി വിളിച്ചും കൊണ്ട് പവര്‍ ബട്ടണ്‍ ആഞ്ഞു ഞെക്കി. എന്തിനും ലാഭം നോക്കുന്ന  പ്രിയതമന്‍ മേടിച്ച ആ സെക്കന്റ്‌ ഹാന്‍ഡ്‌ പിസി "എന്തിനാടീ എരണം കെട്ടവളെ, എന്നെ ഓണ്‍ ചെയ്തത്" എന്ന മട്ടില്‍ ഓണ്‍ ആയി. ലോഗിന്‍ സ്ക്രീന്‍ വരാന്‍ എടുത്ത അര മണിക്കൂര്‍ ഉണ്ടായിരുന്നെങ്കില്‍ പത്തു തേങ്ങ പൊതിക്കാമായിരുന്നു എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ആ "ഉത്തമ" ഗൃഹ നാഥ എക്സ്പ്ലോരെരില്‍ ആഞ്ഞു അമര്‍ത്തി. 

നാശം പിടിക്കാന്‍, ഇനി ഇത് എത്രനേരം എടുക്കും ഒന്ന് തുറന്നു വരാന്‍ എന്ന് ദൈവത്തിനു അറിയാം. പോയി ഒരു ചായ കുടിച്ചു വരാം..

ഈശ്വരാ, ഇത്ര വേഗം തുറന്നോ, മഴക്കോള് കണ്ടത് വെറുതെ അല്ല.

ഏതു നേരത്താണോ ആവോ, "വത്സല മണവാളന്‍" എന്ന ഐഡി ഉണ്ടാക്കാന്‍ തോന്നിയത്.  ടൈപ്പ് ചെയ്തു വരുമ്പോഴേയ്ക്കും നെറ്റ് ഡിസ്കണക്ട്  ആകാതിരുന്നാല്‍ മതി . 

ഹാവൂ ദാ തുറന്നു "മുഖ പുസ്തകം". ആഹാ, എല്ലാരും എത്തിയിട്ടുണ്ടല്ലോ..

ഭഗവാനെ ഇവളുമാര്‍ക്കെല്ലാം ഇതെന്തു പറ്റി?  ഏഴാം ക്ലാസ്സില്‍ മൂന്നു പ്രാവശ്യം പഠിച്ച്, സ്കൂളിനോട് "യാത്രാമൊഴിയിലെ പാട്ട് പാടിയ" ചഞ്ചലാക്ഷി യും, മൃദുല കുമാരി യും ഒക്കെ ഒടുക്കത്തെ നെടു നീളന്‍ ഇംഗ്ലീഷ് വരികള്‍ എഴുതി വിട്ടിരിക്കുന്നു. എന്നിട്ട്  അവളുമാര്‍ തന്നെ "ലൈക്‌" ഞെക്കിയിരിക്കുന്നു. ഇത്രയ്ക്കും വിവരമായോ ഇവളുമാര്‍ക്ക്???  അതോ ഞാന്‍ അറിയാതെ വല്ല "തപാല്‍ മാര്‍ഗം" കോഴ്സിനും ചേര്‍ന്ന് വിവരം വച്ചോ..അതോ മീന്‍ വേടിച്ചപ്പോള്‍    കിട്ടിയ പേപ്പറില്‍ നോക്കി "അതേ പടി" പകര്‍ത്തിയതോ....

ചഞ്ചലാക്ഷി എഴുതി വിട്ട വരികളുടെ അര്‍ഥം അവളോട്‌ തന്നെ വിളിച്ചു ചോദിച്ചാലോ?

“Do all the good you can,By all the means you can,In all the ways you can,In all the places you can,At all the times you can,To all the people you can,As long as ever you can.

വേണ്ട, അവളെന്നല്ല, എന്റെ കൂടെ പഠിച്ച് തോറ്റ ഒരുത്തിയ്ക്കും അര്‍ഥം പറയാന്‍ പറ്റൂല, അത് ഉറപ്പ്. എന്തിനാ അവളെ വിഷമിപ്പിക്കുന്നത്..

ഈശ്വരാ, ഞാന്‍ മാത്രം ഒന്നും എഴുതാതിരിക്കുന്നത് ഒരു കുറവായിപോകുവോ  , ഇനി ഈ ഇംഗ്ലീഷ്  വരികളൊക്കെ എവിടെ പോയി തപ്പും ഭഗവാനെ ...

ആകെ കയ്യിലുള്ളത്, ഗുരുവായൂര്‍ പോയപ്പോള്‍ പത്തു രൂപ കൊടുത്ത് ട്രെയിനില്‍ നിന്ന് മേടിച്ച ഭക്ത വത്സലന്‍ എഴുതിയ  "പഴഞ്ചൊല്ലില്‍ പതിരില്ല" മാത്രമാ..
ഉം.. വഴിയുണ്ട്, ഇവള് മാരെ ഞെട്ടിക്കാന്‍ ഇതേ മാര്‍ഗമുള്ളൂ..

ഇതിന്റെയൊക്കെ  ഇംഗ്ലീഷ്  ഇനി കണ്ടു പിടിക്കണം.

"അടി തെറ്റിയാല്‍ ആനയും വീഴും"
"കാള കിടക്കും കയറോടും"


ദാ.. പിടിചോടീ മൃദുലാ കുമാരീ, ചഞ്ചലാക്ഷീ,, കോമള വല്ലീ നീയൊക്കെ ഞെട്ടാന്‍ കിടക്കുന്നതേ ഉള്ളൂ...

അന്ന് വൈകിട്ട് "മുഖ പുസ്തകം" തുറന്ന മൃദുലാ കുമാരീ, ചഞ്ചലാക്ഷീ,, കോമള വല്ലീ  എന്നീ കൂട്ടുകാരികള്‍ "വത്സലാ കുമാരിയുടെ" ഇംഗ്ലീഷ് പാടവം കണ്ടു ഞെട്ടി തരിച്ചു.


Miss the hit, elephant falls
Bullock lie down, rope runs
coconut falls on head of dog wants to cry,
Non-speaking cat will break pot
Don’t give stick and buy beat
Go to snake eating place, eat the centre piece
What is cat doing at Gold Melting Place
Mother has life pain, Daughter playing veena
Give Elephant Don’t give hope

Sunday, October 17, 2010

വിശാലാക്ഷി - YPC 320

കുമാരേട്ടനല്ലേ? 

(ഈശ്വരാ  കിളി നാദം.. ഈ പതിനൊന്നര മണിക്ക് ആരാണാവോ ഈ വഴിയില്‍ എന്നെ വിളിക്കുന്നത്‌??)
അതെ...ആരാ മനസ്സിലായില്ലല്ലോ..എന്നെ അറിയുമോ?

കുമാരേട്ടാ, ഞാന്‍ അങ്ങയുടെ ഒരു ഫാന്‍ ആയിരുന്നു രാമച്ചം വിള സ്കൂളില്‍. എന്നെ ഓര്‍ക്കുന്നില്ലേ?

അതെയോ?
(ദൈവമേ, ഞാന്‍ പഠിച്ച എല്‍പി സ്കൂളില്‍ ഉണ്ടായിരുന്ന പെണ്ണാണോ ഇത്??)
എന്താ പേര്?

വിശാലാക്ഷി. 

ശോ.. ഓര്‍ക്കുന്നില്ല. 

ഞാന്‍ ഓര്‍ക്കുന്നു. എനിക്കൊരിക്കലും മറക്കാനാകില്ല. വള്ളി നിക്കറും വള്ളി ബാഗും പിടിച്ചു പ്രൌഡിയോടെ യുള്ള ചേട്ടന്റെ ആ വരവ്. ശോ, ഓര്‍ക്കുമ്പോള്‍ ഇപ്പോഴും രോമാഞ്ചം . അറിയാമോ, ആ വസുമതിയോടു ഞാന്‍ വഴക്കിട്ടിട്ടുണ്ട്, അവള്‍ക്കു ചേട്ടനെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍..

(ഈശ്വരാ എന്തൊക്കെയാണ് ഞാന്‍ ഈ കേള്‍ക്കുന്നത്, പഠിച്ച എല്ലാ ക്ലാസിലും ഒന്നില്‍ കൂടുതല്‍ കൊല്ലം ഇരുന്നു പഠിച്ചിട്ടും ഇല്ലാത്ത കാമുകിമാര്‍, ഈ പ്രായത്തില്‍ ഉണ്ടെന്നു അറിയുന്നത് എത്ര രോമാഞ്ചജനകം  ആണ്...നന്ദി ഭഗവാനെ നന്ദി..വിശാലാക്ഷി എങ്കില്‍ വിശാലാക്ഷി  )
വിശാലം, ഞാന്‍ അങ്ങനെ വിളിച്ചോട്ടെ.?

ഹോ... ഈ വിളി ഈ വായില്‍ നിന്ന് കേള്‍ക്കാന്‍ ഞാന്‍ എത്ര കൊതിച്ചിരുന്നു കുമാരേട്ട..

വിശാലം

കുമാരേട്ടാ

വിശാ

കുമാ

വി

കു

മതി ഇനി കുറയ്ക്കരുത്... 
ഇനി   കുറയ്ക്കാന്‍  ഒന്നും ബാക്കിയില്ല കരളേ...

വിശാലം എന്താ ഈ സമയത്ത് ഇവിടെ?

കുമാരേട്ടന്‍ എന്താ ഇവിടെ?

ഞാന്‍ ഒരു നാടകം കാണാന്‍ പോയതാ വിശാലം

ഏതു നാടകം?

കെടാമംഗലം "ജമ്ബുലിന്ഗം" തിയെട്ടെഴ്സിന്റെ ഏറ്റവും പുതിയ നാടകം "നില്ലെടീ മുതുക്കീ".

ആഹാ.. എങ്ങനുണ്ടായിരുന്നു നാടകം?

യമണ്ടന്‍. ചിരിച്ചു ചിരിച്ചു വയറു വിശക്കുന്നു.

ഹ ഹ. എനിക്കും വിശക്കുന്നു.

എന്റെ കയ്യില്‍ ബിരിയാനിയുണ്ട് വേണ്ടോ?

കുമാരേട്ടന്‍ എന്ത് തന്നാലും ഞാന്‍ കഴിക്കും. സ്നേഹത്തോടെ തന്നാല്‍ വേണേല്‍ ഞാന്‍ അമൃതും കുടിക്കും.
(ഈശ്വരാ, ആശിച്ചു മേടിച്ച ബിരിയാണി ഈ പണ്ടാരം പെണ്ണ് മുഴുവന്‍ അങ്ങ് താങ്ങിയാല്‍, ഞാന്‍ എന്തെടുത്തു കഴിക്കും? പ്രേമത്തിനു വിശപ്പ്‌ ഉണ്ട് എന്നു ഇപ്പോഴാ പിടി കിട്ടിയത്..)

എനിക്ക്  ദാഹിക്കുന്നു കുമാരേട്ടാ 

(പിശാചേ, ബിരിയാണി ദഹിച്ചോ ഇത്ര വേഗം????..വേണ്ട ചോദിക്കേണ്ട, അവള്‍ പ്രേമം കട്ട്‌ ചെയ്താലോ..)
ദാഹമോ? വിശാലത്തിനോ? ഇപ്പോഴോ?

അതെ കുമാരേട്ടാ. തൊണ്ട വരളുന്നു. 

ശോ അടുത്തു കടയൊന്നും കാണുന്നില്ലല്ലോ. ഒരു തെങ്ങ് പോലും ഇല്ല ഇവിടൊന്നും. ആകെ കാണുന്നത് ആ ഒരു കരിമ്പന  മാത്രം. അതില്‍ വല്ല  പന ന്തേ ങ്ങയും    ഉണ്ടോ  എന്നു നോക്കാം   

വരൂ കുമാരേട്ട, നമുക്ക് അങ്ങോട്ട്‌ പോകാം. 

വിശാലം എങ്ങോട്ട് വിളിച്ചാലും ഈ കുമാരേട്ടന്‍ വരും. അത് കട്ടായം
ശോ, വിശാലം, ഒരു തേങ്ങ  പോലും ഇല്ല. ഇനി എന്ത് ചെയ്യും?

കുമാരേട്ടാ, അഞ്ചര ലിറ്റെര്‍ രക്തം ഒരു മനുഷ്യന്റെ ശരീരത്തില്‍ ഉണ്ട് എന്നാണു ബയോളജി സാര്‍ പഠിപ്പിച്ചിട്ടുള്ളത്‌..

എന്താ വിശാലം അത് ഇവിടെ പറയുന്നത്?

അല്ല, കുമാരേട്ടാ, ഈ വിശാലത്തിന്റെ   ദാഹം തീര്‍ക്കാന്‍ കുമാരേട്ടന് രക്തം തന്നു കൂടെ...

രക്തമോ, വിശാലം രക്തം കുടിക്കാ രുണ്ടോ ?

പണ്ട് കുടിക്കില്ലായിരുന്നു, പക്ഷെ, പെരുമണ്‍ പാലത്തില്‍ നിന്നും ഐലന്ഡ് എക്സ്പ്രസ്സ്‌ താഴെ വീണപ്പോള്‍, ടിക്കറ്റ്‌ എടുക്കാതെ കയറിയ ഞാനും ഉണ്ടായിരുന്നു അതില്‍. അന്ന് വയറു നിറയെ വെള്ളം കുടിച്ചു ഞാന്‍ കായലിന്റെ അടിയില്‍ തന്നെ വള്ളിയില്‍  കുരുങ്ങി കിടന്നു, പൊങ്ങി യതെ ഇല്ല എന്നു "വീട്ടുകാര്‍ നെഞ്ചത്തടിച്ചു കരഞ്ഞത് ഞാന്‍ ഈ പനയുടെ മണ്ടയ്ക്കിരുന്നാ കേട്ടത്". അതിനു ശേഷം ഞാന്‍ വെള്ളം കുടിക്കാറെ  ഇല്ല, വെറുത്തു പോയി..  ഇപ്പൊ നമ്മുടെ "അസ്സോസ്സിയേഷന്‍" പറയുന്നത്, മനുഷ്യര്‍ കുടിക്കുന്ന ഒരു സാധനവും കുടിക്കരുത്, രക്തം മാത്രമേ കുടിക്കാവൂ, എന്ന്. ശരിക്കും നമ്മുടെ "YPC " യില്‍ പറയുന്നത് ഇങ്ങനെ ആരോടും കൊഞ്ചാനും കുഴയാനും  നില്‍ക്കാതെ നേരിട്ട് കേറി അങ്ങ് കുടിച്ചോണം എന്നാ,..

കേട്ടിട്ട് ശര്‍ദ്ദിക്കാന്‍ തോന്നുന്നു. YPC യോ ? അതെന്താ...

യക്ഷി പീനല്‍ കോട് 

എന്റമ്മോ, വിശാലം? നീ? യക്ഷി?

അതെ കുമാരേട്ടാ, കുമാരേട്ടനെ  വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോള്‍, ഞാന്‍ YPC യും മറന്നു , ആര്‍ട്ടിക്കിള്‍  320 (കൊഞ്ചല്‍ കുഴയല്‍ ശിക്ഷാര്‍ഹം) മറന്നു. നമ്മുടെ മുദ്രാവാക്യമായ "ചുണ്ണാ മ്പുണ്ടോ?  "മറന്നു, പകരം ബിരിയാണി ചോദിച്ചു, പ്രേമത്തിനു കണ്ണും മൂക്കും ഇല്ല കുമാരേട്ടാ 

എന്റെ അമ്മോ, ആരേലും എന്നെ രക്ഷിക്കണേ...? എന്നെ യക്ഷി പിടിച്ചേ...

കുമാരേട്ടാ, എന്താ ഇത്, ഇങ്ങനെ കിടന്നു അലറാതെ, എനിക്ക് പേടിയാവും, ഞാന്‍ കുമാരേട്ടന് വേണ്ടി ഒരു പാട്ട് പാടട്ടെ, എന്നിട്ട് കുടിച്ചോളാം
"നിലാവിന്റെ  പൂങ്കാവില്‍, നിശാ പുഷ്പ ഗന്ധം.. കിനാവിന്റെ തേന്മാവില്‍ രാപ്പാടി പാടി.. കുമാരേട്ടാ...

എന്റമ്മോ...

Saturday, October 16, 2010

കുളക്കരയിലെ പ്രേമ സല്ലാപം

പ്രിയതമേ.. നമുക്കാ കുളത്തിന്‍ കരയില്‍ പോയിരുന്നാലോ..

ശോ.. ആ പല്ലിന്റെ വിടവ് പിന്നെയും കൂടിയോ, ഒരു കുട്ട തുപ്പല് എന്റെ മുഖത്തു തന്നെ വീണു. കുറച്ചു കളി മണ്ണ് എടുത്ത് ആ പല്ലില്‍ ഒട്ടിയ്ക്കരുതോ...ഫ്രിയതമാ,...

ശോ.. എന്തുവാടീ ഇത്, ഒരു മീറ്റര്‍ ദൂരത്തു നിന്നിട്ടും എന്റെ മുഖം നനച്ചല്ലോ നിന്റെ തുപ്പല് വീണിട്ട്, എന്നെ കുറ്റം പറഞ്ഞപ്പം ഞാന്‍ കരുതി നീ വലിയ ജയഭാരതി ആയി എന്ന്. അതു മല്ല, വിവരമില്ലാത്തവളെ, "ഫ്രിയതമന്‍" അല്ല പ്രിയതമന്‍..

അറിയാം, പെട്ടെന്ന് "പ്രി" എന്ന് പറഞ്ഞപ്പോള്‍, കാറ്റു പല്ലിന്റെ ഇടയില്‍ കൂടി പോയി "ഫ്രി" എന്നായതാ. നിങ്ങള് അങ്ങിനെ പറയാന്‍, ജയഭാരതിയുടെ പല്ലിനും വിടവുണ്ടല്ലോ...

ഇനി അതേല്‍ പിടിച്ചു  കേറിക്കോ...അവര്‍ക്ക് പല്ലില്‍ വിടവുന്ടെങ്കില്‍, അവര്‍ അടച്ചോളും. നീ വാ നമുക്ക് കുളക്കരയില്‍ കാറ്റ് കൊള്ളാന്‍ പോകാം..

ശോ.. ഈ കുളം കാണുമ്പോള്‍ പാട്ട് പാടാന്‍ തോന്നുന്നു.

ഏതു പാട്ട്?

നീരാടുവാന്‍, കൊളത്തില്‍ നീരാടുവാന്‍..

കാലമാടാ, കൊളം അല്ല, നിളയില്‍ നീരാടുവാന്‍.

എടീ നിളയുടെ തീരത്ത്‌ നില്‍ക്കുമ്പോള്‍ അവിടെ നീരാടണം, കുളത്തിന്‍ കരയില്‍ ആകുമ്പോള്‍ അവിടെ .. അതാണ്‌ ജനാധിപത്യം..

സമ്മതിച്ചു, നിങ്ങടെ ഒടുക്കത്തെ  ഒരു ബുദ്ധി. പോട്ടെ എവിടെ കപ്പലണ്ടി?

ദാ.. കൊറിച്ചോ.. കപ്പലണ്ടി എന്ന് കേട്ടപ്പോള്‍ പെട്ടെന്ന് ഒരു മോഹം, നമുക്ക് അന്താക്ഷരി കളിച്ചാലോ?

വയസ്സാന്‍ കാലത്ത് ഓരോ മോഹങ്ങള്‍.. ശരി അക്ഷരം പറയു

കപ്പ..

കപ്പയോ, ഒരക്ഷരം പറയൂ മനുഷ്യാ

എല്ലാരും  ഒരക്ഷരത്തില്‍ തുടങ്ങും, പക്ഷെ നമുക്ക് രണ്ടക്ഷരത്തില്‍ തുടങ്ങാം..

ശരി .. ദാ പിടിച്ചോ, "കപ്പലേറി പോയാച്ച്, അതു അപ്പടി മുങ്ങിയാച്ച്‌  , തങ്കമ്മാ.. .. "

ഇതേതു ഭാഷയാടീ, ഏതു സിനിമയാ??

തമിഴാ, റഹ്മാന്റെ സംഗീതം. ഇതാ പിടിച്ചോ "മ "

ഓഹോ നീ തമിഴ് പാടിയോ, എന്നാ പിടിച്ചോ, ഒരു ഇംഗ്ലീഷ് പാട്ട്..

MANY  TIMES FLOWER TENSE MISSED ITS WAY AND WENT TO A NEVER FLOWERING BRANCH OF A MANGO TREE ..ഡാ പിടിച്ചോ "മ" 

ഇങ്ങനൊരു ഇംഗ്ലീഷ് പാട്ട് ഞാന്‍ കേട്ടിട്ടില്ല മനുഷ്യാ, പക്ഷെ ആ ഈണം എവിടെയോ കേട്ട പോലെ, ഇങ്ങനൊരു മലയാളം പാട്ട് ഉണ്ടല്ലോ..

ഹി ഹി,, മിടുക്കി നിനക്ക് മനസ്സിലായില്ലേ.. "മണി ചിത്രതാഴിലെ" "പലവട്ടം എന്നാ പാട്ട്"  ഞാനങ്ങു  തര്‍ജിമ ചെയ്തതാ, പലവട്ടം ( MANY  TIMES ), പൂ കാലം (FLOWER TENSE  )വഴി  തെറ്റി  (MISSED ITS WAY  )പോയിട്ടങ്ങോ     (WENT TO A ) രുനാളും പൂക്കാ മാങ്കൊമ്പില്‍ (NEVER FLOWERING BRANCH OF A MANGO TREE  )...

ശോ, നിങ്ങളുടെ ഒടുക്കത്തെ ഒരു ഇംഗ്ലീഷ്. ആ ഡിക്ഷനറി ഒണ്ടാക്കിയ ഡോക്ടര്‍ ജോണ്‍സന്‍ സാര്‍ കണ്ടിരുന്നേല്‍ ഈ കൊളത്തില്‍ മുക്കി കൊന്നേനെ.. ഹ ഹ ..
വീണ്ടും  അക്ഷരം "മ" കാരണം ബാക്ടീരിയ

അതെന്തുവാടീ ബാക്ടീരിയ എന്ന് പറഞ്ഞത്..

റേഡിയോയിലെ കോള്‍ഗേറ്റ് പരസ്യം പറഞ്ഞതാ
എങ്കില്‍ ഞാനും പാടാം ഒരു ഇംഗ്ലീഷ് പാട്ട് "MANATHAARIL ALWAYS GET THE GOLDEN DREAMS , HEART   GODDESS , COME AS DEAR RAAGA IN MY  LIFE  "
ഇതാ പിടിച്ചോ "ട  "

ഇതേതു പാട്ടാടീ . ഞാന്‍ എവിടെയോ  കേട്ടിട്ടുണ്ടല്ലോ.. ഹഹ

എന്റെ മനുഷ്യനെ.. "മനതാരിലെന്നും പൊന്‍ കിനാവും കൊണ്ട് വാ.. ഹൃദയേശ്വരി, മമ ജീവനില്‍ പ്രിയ രാഗമായ് വാ

ദൈവമേ എന്നെയങ്ങ് കൊല്ല്. ഹ ഹ.   "ല " യില്‍  നിര്‍ത്തിയിട്ടു എങ്ങനാടീ "ട" യില്‍ പാടുന്നത്? എന്തായാലും നീ പറഞ്ഞതല്ലേ ഞാന്‍ പാടാം
ഒരു മിനിട്ട് ഒന്നാലോചിക്കട്ടെ..
ദാ പിടിച്ചോ..

TAKE A BATHE , TAKE A BATHE IN NILA , WHY DID YOU COME LATE FLOWER SUN ?  ദാ പിടിച്ചോ "സ"

ഹ ഹ മനസ്സിലായി നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍...ഹ ഹ ഹ

മുത്തശ്ശാ  , മുത്തശ്ശി, എന്തുവാ ഈ കുളക്കരയില്‍ ??? വാ നമുക്ക് സാറ്റ് കളിക്കാം

അയ്യോടീ ദേ ചെറുമക്കള്‍ വിളിക്കുന്നു . വാ നമുക്ക് അവരോടൊപ്പം കളിക്കാം.

ശരിയാ നമ്മളും ചെറിയ കുട്ടികളല്ലേ ഇപ്പോള്‍.. "അയിലവായില്‍  ദിവാകരേട്ടാ....

എന്തോന്ന്?

ഐ ലവ് യു ദിവാകരേട്ടാ ന്നു..

ശ്യോ..അയിലവായില്‍... അല്ല  ഐ ലവ് യു ഭാനുമതി... ഹ ഹ.. ഈ ലോകത്തില്‍ നമുക്ക് തുല്യം നമ്മള്‍ മാത്രം.  എന്നും നമുക്ക് ഇങ്ങനെ സന്തോഷത്തോടെ തന്നെ ജീവിച്ച്‌ ..WHEN GOD CALL GO TOP  TOGETHER ..

ഹ ഹ.. ദൈവം വിളിക്കുമ്പോള്‍ നമുക്ക് ഒരുമിച്ചു മുകളിലേയ്ക്ക് പോണം എന്നല്ലേ ഉദ്ദേശിച്ചത്.... നമ്മുടെ വാക്കുകളും നമുക്ക് മാത്രമേ മനസ്സിലാവൂ ദിവേട്ട..പിന്നെയും അയിലവായില്‍

അതെ ഭാനൂ.. അയിലവായില്‍ പിന്നെയും

Tuesday, October 12, 2010

കമലാസനന്‍ എന്ന ബിസ്സിനെസ്സ് മാഗ്നട്ടും പിന്നെ ദാക്ഷായണിയും

 ഒന്ന് സെര്‍ച്ചി (SEARCH) കളയാം. കമലാസനന്റെ കൈകള്‍ ദ്രുത ഗതിയില്‍ ചലിച്ചു.   തന്റെ കമല്‍ എന്ന പ്രൊഫൈലില്‍ D എന്ന തന്റെ ഭാഗ്യ അക്ഷരം തന്നെ അമര്‍ത്തി. ഹ.. കൊള്ളാല്ലോ. ദാക്ഷായണി . വയസ്സ്  22. യുവതി, അസിസ്റ്റന്റ്‌ ഇന്ജിനീയര്‍. ഹോ ജോലിയും ഉണ്ട്. ഇന്നത്തെ ഫേസ് ബുക്ക് കണി കൊള്ളാമല്ലോ. ഒന്ന് ഞൊട്ടി നോക്കാം. 

ഒരു പേര്‍സണല്‍ മെസ്സേജു തന്നെ കാച്ചാം. "പ്രിയ ദാക്ഷായണി, പ്രൊഫൈല്‍ കണ്ടു, മനോഹരം. എത്ര ലളിതമായ രീതിയില്‍ വിവരിച്ചിരിക്കുന്നു. അത്ഭുതമെന്നു പറയട്ടെ, നമ്മുടെ രണ്ടു പേരുടെയും ഇഷ്ട്ടങ്ങള്‍ ഒരു പോലെ തന്നെ, പാട്ടും,  (ഈശ്വരാ, സംഗീതത്തിന്റെ എ-ബി-സി-ഡി അറിയില്ല എന്ന് ഇവള്‍ അറിയരുതേ ഒരിക്കലും), വായനയും (മംഗളവും  , മനോരമയും അല്ലാതെ വേറെ ഏതെങ്കിലും ഇംഗ്ലീഷ്   വാരികകളുടെ പേര് പഠിച്ചു വയ്ക്കെണ്ടതായിരുന്നു.. നാശം) എല്ലാം. എന്നെ ഒരു കൂട്ടുകാരന്‍  ആക്കിക്കൂടെ.. ???

മിനിട്ട് അഞ്ചു കഴിഞ്ഞു. ഈശ്വരാ, മെസ്സെജിന്റെ മണ്ടയ്ക്ക് അതാ "ചുവപ്പില്‍ വെള്ള 1 " തെളിയുന്നു. ദാക്ഷായണി ആയിരിക്കണേ ഭഗവാനെ..കമലന്‍ ക്ലിക്കി  . രോമം അതാ എഴുന്നേറ്റു പോകുന്നു, ദാക്ഷായണി മറുപടി തന്നിരിക്കുന്നു. "കമല്‍    , എന്റെ ലോകത്തേയ്ക്ക് സ്വാഗതം. ഞാന്‍ ആഡി യിരിക്കുന്നു  . എനിക്കും  ഒരുപാട് ഇഷ്ടമായി . ഞാന്‍  ഇനി മുതല്‍ "കമ " എന്ന് വിളിച്ചോട്ടെ"..

മറുപടി വിട്ടു "ദാക്ഷായണി എന്നെ ഇഷ്ട്ടമുള്ളത് വിളിച്ചോളൂ (എന്ത് പണ്ടാരമെന്നു വേണേലും വിളിച്ചോ എന്ന് എഴുതാന്‍  കൈ തരിച്ചതാ, ശീലം അതാണല്ലോ..) . പകരം ഞാന്‍ "ദാ" എന്ന് വിളിച്ചോട്ടെ???

അതാ മറുപടി

ദാ: പിന്നെന്താ..എന്ത് വേണേലും വിളിച്ചോളൂ 


അതാ ചാറ്റില്‍ ദാക്ഷായനിയുടെ ഇടതു വശത്ത്‌ പച്ച കത്തുന്നു.

കമ - ഹായ്  ദാ..

ദാ- ഹായ് കമ..

കമ- ശോ ഒരുപാടു സന്തോഷമായി ട്ടോ

ദാ-- എനിക്കും


കമ - കല്യാണം കഴിച്ചതാണോ? 

ദാ- കൊള്ളാല്ലോ.. ആദ്യമേ അതാണോ ചോദിക്കുന്നത്? എന്തേ?

കമ- സോറി ട്ടോ,  വെറുതെ ചോദിച്ചതാ, ഞാന്‍ കല്യാണം കഴിച്ചിട്ടില്ല, വയസ്സ് 26  ആയി (ഈശ്വരാ, സ്വപ്നത്തില്‍  പോലും 42  എന്ന ഒറിജിനല്‍ അക്കം എന്റെ ദാ അറിയരുതേ..)‍ .

ദാ.. ഹ ഹ. ഞാന്‍ ചോദിച്ചില്ലല്ലോ, ഒന്നും

കമ- അല്ല ഞാന്‍ പറഞ്ഞെന്നെ ഉള്ളൂ..

ദാ-- കമ എന്ത് ചെയ്യുന്നു?

കമ- ബിസിനെസ്സ് ആണ്. പപ്പായുടെ വലിയ ഒരു കമ്പനി ഒറ്റയ്ക്ക് നോക്കി നടത്തി ഞാന്‍ ക്ഷീണിച്ചു....  (ഈശ്വരാ, കൈതമുക്ക് ജങ്ക്ഷനില്‍ പല വ്യജ്ഞന കട ആണെന്ന് ഇവള്‍ അറിയരുതേ..) കോടികള്‍ സമ്പാ ദിച്ചിട്ട്    എന്താ കാര്യം?  (പുല്ല്... അരി ചാക്ക് അഞ്ചെണ്ണം കടയില്‍ അടുക്കി വയ്ക്കാന്‍ ഗതിയില്ലാത്ത വന്‍ ആണെന്ന് ഇവള്‍ എങ്ങനെ അറിയാനാ ഹ ഹ ) ഒരു മനസ്സമാധാനമില്ല. ഇപ്പോള്‍ തന്നെ നോക്കൂ, കഴിഞ്ഞ ആഴ്ച മേടിച്ച BMW കാറിന്റെ അവസ്ഥ, വെറും 82 ലക്ഷമേ ഉള്ളൂ, എന്നാലും, വീട്ടില്‍ വന്നു നോക്കിയപ്പോഴാ കാണുന്നത്, അതിന്റെ ഉള്ളിലെ "BOSE " മ്യൂസിക്‌ സിസ്റ്റം ഞാന്‍ ഉദ്ദേശിച്ച കളര്‍ അല്ല . എന്ത് ചെയ്യും. ഒരു സമാധാനമില്ല (കളറി നെ  പറ്റി പറഞ്ഞപ്പോഴാ ഓര്‍ത്തത്‌, സൈക്കിള്‍  പെയിന്റ് അടിക്കാന്‍ കൊടുത്തത് മേടിച്ചില്ല, വൈകിട്ട് പോകാം)

ദാ എന്ത് ചെയ്യുന്നു?

ദാ- ഞാന്‍ ഇന്ജിനീയര്‍ ആണ്.

കമ- വീട്ടില്‍ ആരൊക്കെ

ദാ- പപ്പായും മമ്മായും മാത്രം,.

കമ- (ഈശ്വരാ ഒറ്റ മോള്‍.. ശോ.). ഇപ്പോള്‍ എവിടെയാ?

ദാ- വീട്ടില്‍, ഇന്ന് ഞാന്‍ ലീവ് ആണ്. പപ്പായും മമ്മിയും ഒരു മാര്യെജു കൂടാന്‍ പോയി.

കമ- വീട്ടില്‍ ഒറ്റയ്ക്കാണോ ഇപ്പോള്‍?

ദാ- ഉം. എന്തേ?

കമ- ഉം.. ഒന്നുമില്ല ഹി ഹി.

ദാ-- അതെന്താ ഒരു കള്ള ചിരി,

കമ- ഇല്ല ഒന്നുമില്ലെന്നെ..

ദാ-- ഉം മനസ്സിലായി കള്ളന്‍.

കമ- "ദാ" ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ?

ദാ- ഇല്ല. പക്ഷെ ഇപ്പോള്‍ തോന്നുന്നു.

കമ- (ഈശ്വരാ, എന്നെയാണോ?) എന്ത്?

ദാ- പ്രേമിക്കാന്‍. ആരെയും ഇത് വരെ പരിചയപ്പെട്ടില്ല. ആദ്യമായിട്ടാ ഒരാളോട് ഞാന്‍ ഇങ്ങനെയൊക്കെ പറയുന്നത്.

കമ- (ഈശ്വരാ, ഒരു ലൈന്‍ മണക്കുന്നു).. ഞാനും ഇത് വരെ ആരെയും പ്രേമിച്ചിട്ടില്ല, എന്തോ അങ്ങനെ തോന്നിയിട്ടില്ല. (കമലന്‍ ഇത് പറഞ്ഞു നാക്ക് കൊണ്ട് ഒടിഞ്ഞ  കോന്തന്‍ പല്ലില്‍ ഒന്ന് തൊട്ടു, ദാമോദരന്റെ മകള്‍ സുഭാഷിനിയെ നോക്കി കണ്ണ് ഇറു ക്കിയതിനു   അവള്‍ വന്നു ചെരുപ്പൂരി  അടിച്ച വകയില്‍ പകുതി ഒടിഞ്ഞ തന്റെ പല്ലിനെ പ്രേമ പുരസ്സരം നാവാല്‍ തലോടി)  

ദാ.. - അയ്യോ ആരോ ഗെറ്റ് തുറക്കുന്നു. പപ്പായും മമ്മായും  വന്നു എന്ന് തോന്നുന്നു. ഞാന്‍ പോകുവാനേ. പിന്നെ വരാം

കമ- (ആത്മ ഗതം) ശോ..ദാക്ഷായനിയുടെ  പച്ച ബള്‍ബ്‌ അ ണ ഞ്ഞല്ലോ  .. അവള്‍ പോയോ... ഹാ വരാതിരിക്കില്ല. രാവിലെ തന്നെ ഒരു രോമാഞ്ചം  .. പത്തു നാരങ്ങാ പിഴിഞ്ഞ് ഫ്രിഡ്ജില്‍ വയ്ക്കാം. ഉച്ച ആയിട്ടും കടയില്‍ ഒരുത്താനും വരുന്നില്ല സാധനം മേടിയ്ക്കാന്‍

ആരോ വരുന്നുണ്ടല്ലോ..

"രണ്ടു നാരങ്ങാ വെള്ളം".

ഇപ്പൊ തരാം. കമലാസനന്‍  അകത്തേയ്ക്ക് പോയി നാരങ്ങ എടുക്കാന്‍

വന്നവര്‍ സംസാരം തുടര്‍ന്നു.. "അളിയാ, ഇന്നൊരു ഒലിപ്പീരു കേസ് വന്നു ഫേസ് ബുക്കില്‍ . ഒരു കമലാസനന്‍,  വലിയ ടീമാ കേട്ടോ, BWM  ഒക്കെ ഉണ്ട്.എന്റെ  ദാക്ഷായണി പ്രൊഫൈല്‍ കണ്ടു അവന്‍ വീണിട്ടുണ്ട്.  നീ വന്നു നൂണ്‍ ഷോ കാണാന്‍ വിളിച്ച സമയത്ത് ഞാന്‍ അവനോടു പറഞ്ഞു "പപ്പായും മമ്മിയും വന്നു, അത് കൊണ്ട് പിന്നെ വരാമെന്ന്". ഹ ഹ. ഇനി അവന്‍ ഓണ്‍ലൈന്‍ വരുമ്പോള്‍, അവന്റെ ഒലിപ്പീരു ഞാന്‍ ശരിയാക്കുന്നുണ്ട്‌.. ഒന്ന് വിപുലീകരിച്ചാല്‍ പത്തു കാശ് തടയും.. ഹ ഹ,,

അകത്തു കമലാസനന്‍ ഒന്ന് ഞെട്ടി, കയ്യില്‍ നിന്നും പഞ്ചസാര പാത്രം താഴെ വീണു. ഈശ്വരാ, വ്യാഴാഴ്ചയായിട്ടു, ഇരുപത്തെട്ടിന്റെ  പണി കിട്ടിയോ... എന്നിട്ട് ആ പണി തന്നവന്‍ എന്റെ കടയില്‍ തന്നെ വന്നിരിക്കുന്നു.
തളരരുത് കമലാസനാ തളരരുത്, ഇമ്മാതിരി ഫെയ്ക്കുകളെ എത്ര കണ്ടിരിക്കുന്നു, അല്ലെങ്കില്‍ തന്നെ നീയേ ഒരു ഫെയ്ക്ക് അല്ലെ, 42 വയസ്സിനെ 26 ആക്കിയ ബിസിനെസ്സ് മാഗ്നറ്റ്... എന്തായാലും ഈ അഭിനവ ദാക്ഷായനിക്ക് ഒരു "ഉഗ്രന്‍ നാരങ്ങാ വെള്ളം" തന്നെ കൊടുക്കാം,

കമലാസനന്റെ കൈ, അലമാരയിലെ "വിം" ലക്ഷ്യമാക്കി നീങ്ങി, രണ്ടു സ്പൂണ്‍ ഒരു ഗ്ലാസില്‍ തട്ടി. താഴെ വീണ പഞ്ചാസാര പാത്രത്തില്‍ നിന്നും വീണ പഞ്ചസാര തറയില്‍ കിടന്ന  അഴുക്കിന്റെ കൂടെ കോരിയെടുത്തു അതെ ഗ്ലാസിലേയ്ക്ക് തട്ടി, നാരങ്ങാ രണ്ടായി പിളര്‍ന്നു, സ്വന്തം നാക്കില്‍ ആ നാരങ്ങയെ ചേര്‍ത്തു, എന്നിട്ട് ഉമിനീര്‍ മിക്സ്‌ ചെയ്ത ആ നാരങ്ങ ആ ഗ്ലാസിലേയ്ക്ക് പിഴിഞ്ഞു. മറ്റേ ഗ്ലാസ്സില്‍ ഉമി നീര്‍ ചേരാത്ത നാരങ്ങയും പിഴിഞ്ഞു .

പുറത്തു അപ്പോഴും കമ=യുടെ കയ്യില്‍ നിന്നും ഇമ്പോര്‍ട്ട് ചെയ്യേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു "ദാ" - നാരങ്ങാ വെള്ളം മേടിക്കുമ്പോള്‍, കമ-യുടെയും, ദാ-യുടെയും വിരലുകള്‍ പരസ്പരം സ്പര്‍ശിച്ചു . ദാ- കൂള്‍ ആയിരുന്നു. കമ- ഹോട്ടും.

ആക്രാന്തത്തോടെ ദാ- അണ്ണാ ക്കിലേയ്ക്ക്  ആ നാരങ്ങാ വെള്ളം ഇമ്പോര്‍ട്ട് ചെയ്യുമ്പോള്‍, ചുണ്ടില്‍ ഒളിപ്പിച്ച "ക്രൂര" പുഞ്ചിരിയുമായി കമലാസനന്‍ തിരിഞ്ഞു ഫ്രിട്ജിനു നേരെ. എന്നിട്ട് അതില്‍ നിന്നും തണുത്ത ഒരു സോഡാ എടുത്തു സ്വന്തം അണ്ണാ ക്കിലേയ്ക്ക്  ഒഴിച്ചു. എന്നിട്ട് ഇങ്ങനെ മനസ്സില്‍ ഓര്‍ത്തു.. "ഇന്ന് കൊണ്ട് തീരുമെടാ "ദാക്ഷായണി"  നിന്റെ ഇമ്പോര്‍ട്ടും, ഇന്ജിനീയരിയവും. അവന്റെ അമ്മേടെ ഒരു പാപ്പായും മമ്മായും, ഇനി നീ ഫെയ്ക്ക് അല്ല, "പോക്കാ".

എത്രയായി, ചേട്ടാ രണ്ടു നാരങ്ങാ വെള്ളം?

ശരിക്കും പത്തു രൂപയാണ്, മോന്‍ ആയതു കൊണ്ട് അഞ്ചു രൂപ തന്നാല്‍ മതി. ("ബാക്കി അഞ്ചു രൂപയ്ക്ക് നീ രണ്ടു കോര്‍ക്ക് മേടിച്ചു കയ്യില്‍ വച്ചോ, വീട്ടില്‍ ചെന്നുടന്‍ ആവശ്യം വരും" എന്ന് മനസ്സില്‍ മൊഴിഞ്ഞ്‌ കമലാസനന്‍ അഞ്ചു രൂപ മേടിച്ചു പെട്ടിയിലിട്ടു), തിരിച്ചു ഫേസ് ബുക്കിലെ തന്റെ "കമല്‍" പ്രൊഫൈലി ലേയ്ക്ക് മടങ്ങി..

"സംഭവ ബഹുലമായ തന്റെ ഭാവി സായാഹ്നത്തെ  കുറിച്ച് ഓര്‍ക്കാതെ ദാക്ഷായനിയും കൂട്ടുകാരനും നടന്നു നീങ്ങി

Saturday, October 9, 2010

ഒരു ചെറു പുഞ്ചിരി..

മകനെ... എന്തുണ്ട് വിശേഷം? വേണ്ട എഴുന്നെല്‍ക്കേണ്ട. ഇരുന്നോളൂ

നല്ല വിശേഷം, ഭഗ..

വേണ്ട മുഴുമിക്കേണ്ട, നീ ഇപ്പോള്‍ ആരോടാണ് സംസാരിക്കുന്നത് എന്ന് മറ്റാരും അറിയേണ്ട..
നിന്നോട് എന്തൊക്കെയോ ചോദിക്കണം എന്ന് തോന്നി. അതാ വന്നത്

ചോദിച്ചാലും

നീ അഹങ്കാരി ആണെന്ന് ആരെങ്കിലും നിന്നോട് പറഞ്ഞിട്ടുണ്ടോ?

ഒരിക്കലും ഇല്ല. എനിക്ക് അങ്ങനെ ഒരിക്കലും ആകാന്‍ ആവില്ലെന്ന് എല്ലാരെയും പോലെ എനിക്കും അറിയാം

നീ വലിയ മറ്റവന്‍ ആണോ എന്ന്  ആരെങ്കിലും നിന്നോട് ചോദിച്ചിട്ടുണ്ടോ?

മറ്റവന്‍ എന്നല്ല, നീയാരാ VIP ആണോ എന്ന് കുറച്ചു പേര്‍ "പേര്‍സണല്‍ മെസ്സേജു" അയച്ചു ചോദിച്ചിട്ടുണ്ട്..

അതെന്താ അങ്ങനെ ചോദിക്കാന്‍ കാരണം?

അത് ഞാന്‍ അവരെ ഫ്രന്റ് ലിസ്റ്റില്‍ ചേര്‍ക്കാത്തത് കൊണ്ട്

അതെന്താ അവരെ ചേര്‍ക്കാത്തത്?

ക്ഷമിക്കണം. അങ്ങേയ്ക്ക് അറിയാമല്ലോ, ഇത് എന്റെ രണ്ടാമത്തെ പ്രൊഫൈല്‍ ആണെന്ന്. ഇതിനു മുന്‍പത്തെ പ്രൊഫൈലില്‍ ഉണ്ടായിരുന്ന ചിലര്‍ എനിക്കിട്ടു നല്ലൊരു പണി തന്നു. ഒടുവില്‍ അതൊക്കെ മറക്കാന്‍ എനിക്ക് ആ പ്രൊഫൈല്‍ തന്നെ ഡിലീറ്റ് ചെയ്യേണ്ടി വന്നു.ഏതു പോലീസുകാരനും  ഒരബദ്ധം പറ്റും എന്നാണല്ലോ മുതിര്‍ന്നവര്‍ പറയാറുള്ളത്. അത് കൊണ്ട് രണ്ടാമത് ഒരു പ്രശ്നം അല്ലങ്കില്‍ ഒരു  അബദ്ധം പറ്റരുത്‌  എന്ന് അതിയായി ആഗ്രഹിക്കുന്നു/ പ്രാര്‍ത്ഥിക്കുന്നു . അതുകൊണ്ട് തന്നെ ആരെങ്കിലും "ആഡഡാ ആഡഡാ" എന്നും പറഞ്ഞു വന്നാല്‍ "നെഞ്ചില്‍ ഒരു കൊള്ളിയാന്‍ മിന്നും". അത്രയ്ക്ക് പേടിയാ

ഉം .. മനസ്സിലായി. 

നീ ആരെയെങ്കിലും ദ്രോഹിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ?

ഒരിക്കലുമില്ല. എനിക്കതിനാകില്ല. പിന്നെ കൂട്ടുകാര്‍ ഇടുന്ന  പോസ്റ്റുകളില്‍ കമന്റ്‌ ഇടാറുണ്ട്. അത് അവരെ ചിരിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്ന് അവര്‍ക്കറിയാം. അത് അവരെ വിഷമിപ്പിക്കാറില്ല എന്ന് അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്

ഉം.. മനസ്സിലായി

ആരെങ്കിലും നിന്നെ വിഷമിപ്പിച്ചിട്ടുണ്ടോ?

ഇല്ല..

നിന്നെ കളിയാക്കി കൊണ്ട് ഫോട്ടോ ഇടുമ്പോഴും വിഷമം തോന്നിയിട്ടില്ല?

ഇല്ല. കാരണം, ഇതൊക്കയൂം ചിരിക്കാനും ചിരിപ്പിക്കാനും ഉള്ള കാര്യങ്ങളായിട്ടെ ഞാന്‍ കണ്ടിട്ടുള്ളൂ,

ഉം.. കൂട്ടുകാരെയൊക്കെ നിനക്കിഷ്ട്ടമാണോ?

തീര്‍ച്ചയായും. നമ്മുടെ ശ്രീവത്സം കൊട്ടാരത്തിലെ അംഗങ്ങളെ പോലെ ഞാന്‍ അവരെ സ്നേഹിക്കുന്നു, ഇഷ്ട്ടപ്പെടുന്നു.

ഉം.. നമുക്ക് തൃപ്തിയായി.  നിന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് നീ തരാന്‍ പോകുന്ന ഉത്തരം ഇതുപോലെ സത്യം മാത്രം ആയിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. . അതാണല്ലോ എനിക്ക് നിന്നോട് ഇത്രയും സ്നേഹവും. ആ ഒരു ഇഷ്ട്ടം കൊണ്ടാണ് ഞാന്‍  നിന്നെ ഇത്രയും "സുന്ദരന്‍" ആക്കിയതും. നിന്റെ മനസ്സിന്റെ സൌന്ദര്യമാണ് നിന്നെ ശരിക്കും സുന്ദരനാക്കുന്നത്. നിനക്കും കുടുംബത്തിനും നിന്റെ കൂട്ടുകാര്‍ക്കും എന്നും നന്മകള്‍ മാത്രം ഉണ്ടാകട്ടെ.
അപ്പോള്‍ ഞാന്‍ പോകട്ടെ, അടുത്ത മാസം ആയില്യം നാളില്‍ നിന്നെ കാണാന്‍ ഇനിയും വരും. അന്ന് ഒരുപാട് നേരം നിന്റെ കൂടെ ഇരിക്കാം. നിന്റെ കൂടെ ഇരിക്കുമ്പോള്‍ എന്തോ ഒരു സന്തോഷം.

നന്ദി ഭഗവാനെ... നന്ദി. മുകളിരിക്കുന്ന അങ്ങ് എല്ലാം അറിയുന്നു. ആരൊക്കെ തെറ്റിദ്ധരിച്ചാലും അങ്ങേയ്ക്ക് എല്ലാം അറിയാമെന്നുള്ള ഒരു സമാധാനം എപ്പോഴും എനിക്കുണ്ട്. അത് തന്നെയാണ് ജീവിതത്തെ മുന്നോട്ടു കൊണ്ട് പോകുന്നതും, കുടുംബത്തില്‍ എപ്പോഴും സന്തോഷവും സമാധാനവും   നില നില്‍ക്കുന്നതും.

ശരി മകനെ..നമ്മുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. അത്താഴം കഴിച്ചോ? എന്താണ് കഴിക്കാന്‍ ഉണ്ടാകിയത്?

അപ്പവും, പിന്നെ.. പിന്നെ..

ഉം ഉം.. മനസ്സിലായി, അത് ഉപേക്ഷിക്കണം എന്ന് ഞാന്‍ പറയില്ല, പക്ഷെ കുറയ്ക്കണം. കാരണം, കൊളസ്ട്രോള്‍ ശരീരത്തിന് നന്നല്ല.  
 ഹ ഹ. അപ്പോള്‍ പറഞ്ഞത് പോലെ രാത്രിയില്‍ യാത്രയില്ല.

പ്രണാമം മഹാ പ്രഭോ.. പ്രണാമം

Wednesday, October 6, 2010

പ്രണയമോ അതോ ആക്രാന്തമോ..!!!

കുറച്ചു മിനിട്ടുകളായി ഒരു കവിത എന്റെ ഉള്ളില്‍ കിടന്ന് എന്നെ ശ്വാസം മുട്ടിക്കുന്നു...
കേന്ദ്ര-കേരള സാഹിത്യ അക്കാദമി കാണരുതേ എന്ന പ്രാര്‍ത്ഥനയോടെ, നിങ്ങള്‍ക്കായി മാത്രം ഞാന്‍ ഇവിടെ കുറിക്കുന്നു..
 
താജിലും കണ്ടില്ല , അശോകയിലും കണ്ടില്ല, ഒബെറോയി ലേയ്ക്കു  ഞാന്‍ നോക്കിയില്ല..
ആര്‍ത്തലച്ചു പെയ്തിടും മഴയെ ഗൌനിക്കാതെ
തേടി വരുന്നു ഞാന്‍ നിന്നെയും തേടി 
നീയാണവള്‍     എന്‍ മനം കവര്‍ന്നവള്‍
നീയില്ലാതെ വിരസമെന്‍ സായാഹ്നം,
നിന്‍ നിറവും നിന്‍ രൂപവും, അത്രമേല്‍ ഉള്ളില്‍
പതിഞ്ഞുപോയ് മല്‍ സഖി
"ആര്യ ഭവന്റെ"   അഭിമാന ഭാജനം  
ജീവന്റെ ജീവന്‍  നീയെന്‍ "പഴം പൊരി "
 
"കോപ്പി റൈറ്റ് ആക്ട്‌ , 2010 -  "ഈ കവിത ഒരു ചാനലിലും ചൊല്ലി പ്രക്ഷേപണം ചെയ്യാന്‍ പാടുള്ളതല്ല, ഒരു വാരികയിലും പ്രസിദ്ധീകരിക്കുവാന്‍ പാടുള്ളതല്ല, ഈ സുപ്രശസ്ത   കവിക്ക്‌   അവാര്‍ഡു തരാന്‍ കച്ച കെട്ടി ഇറങ്ങുന്നവര്‍ക്ക്, ആദ്യമേ "അന്ത്യ ശാസനം" തരുന്നു, " ഒരു അവാര്‍ഡും സ്വീകരിക്കുന്നതല്ല"
ഹല്ലാ പിന്നെ...

Monday, October 4, 2010

ഫെയ്ക് അല്ല ഞാന്‍ ഫെയ്ക് അല്ല ഞാന്‍ ഫെയ്ക് അല്ല ഞാന്‍

രാമു ചൊല്ലി  - നീ ഫെയ്ക് ആണ്. 
ദാമു ചൊല്ലി  - നീ ഫെയ്ക് ആണ്. 
ഷീല ചൊല്ലി  - നീ ഫെയ്ക് ആണ്. 
കോമളം ചൊല്ലി  - നീ ഫെയ്ക് ആണ്. 
ശ്യാമള ചൊല്ലി  - നീ ഫെയ്ക് ആണ്. 
രമേശന്‍ ചൊല്ലി  - നീ ഫെയ്ക് ആണ്. 
നീലകണ്ടന്‍ ചൊല്ലി  - നീ ഫെയ്ക് ആണ്. 
പ്രദ്യുമ്നന്‍ ചൊല്ലി  - നീ ഫെയ്ക് ആണ്. 
ധൃതരാഷ്ട്രരും ചൊല്ലി  - നീ ഫെയ്ക് ആണ്. 
ഈശ്വരാ ഞാന്‍ ഇവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും ഞാന്‍ "നിങ്ങള്‍ പറഞ്ഞ ആ സാധനം അല്ല" എന്ന്.. ശരി ഞാന്‍ എന്നെ തന്നെ ഒന്നും കൂടി ചെക്ക്‌ ചെയ്യാം. 
 "എന്റെ തന്നെ ഫോട്ടോ, എന്റെ തന്നെ സുന്ദരമായ ഐശ്വര്യം തുളുമ്പുന്ന മുഖം, എന്റെ തന്നെ സുന്ദരമായ ചിരി, ആകെ മൊത്തത്തില്‍ സുന്ദരക്കുട്ടന്‍, ജനന  തീയതി കൃത്യം. സ്ഥലം കൃത്യം, ഇഷ്ട്ടങ്ങളും, അനിഷ്ട്ടങ്ങളും എഴുതിയിരിക്കുന്നതെല്ലാം കിറു കൃത്യം.

പിന്നെ എന്തിനിവര്‍ പറയുന്നു ഞാന്‍ ഫെയ്ക് ആണെന്ന്? ഞാന്‍ മറ്റുള്ള "ലവന്മാരെ" പോലെ പെണ്ണുങ്ങളുടെ ഫോട്ടോ "പ്രൊഫൈല്‍ ഫോട്ടോ" ആയി   അപ്‌ലോഡ്‌ ചെയ്തു "പെണ്ണുങ്ങളുടെ  എണ്ണം ലിസ്റ്റില്‍ കൂട്ടുന്നില്ല. ആണായിട്ടും പെണ്ണിനെ  പോലെ സംസാരിക്കുന്നില്ല,  എന്നിട്ടും എന്തിനാ ഇവര്‍ ഞാന്‍ ഫെയ്ക് എന്ന് പറയുന്നത്?
ഞാന്‍ ഫെയ്ക്ക് അല്ലെ.. ഞാന്‍ ഫെയ്ക്ക് അല്ലെ..ഞാന്‍ ഫെയ്ക്ക് അല്ലെ. ഞാന്‍ ശരിക്കുള്ള "ഭൂലോക സുന്ദരന്‍ ആണേ", ഞാന്‍ ശരിക്കുള്ള "ഭൂലോക സുന്ദരന്‍ ആണേ",ഞാന്‍ ശരിക്കുള്ള "ഭൂലോക സുന്ദരന്‍ ആണേ"

മോനെ എഴുന്നെല്‍ക്കെടാ സമയം എത്ര ആയീന്നാ വിചാരം? 
ഈശ്വരാ, ഇത് അമ്മയുടെ ശബ്ദമാണല്ലോ.. അമ്മ എപ്പോഴാ ഫേസ് ബുക്കില്‍ ചേര്‍ന്നത്‌? ശോ, ഈ അമ്മ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ 

ഏട്ടാ, ഒന്ന് എഴുന്നേല്‍ ക്കുന്നുണ്ടോ? ... ദൈവമേ,,, ദിവ്യയും ചേര്‍ന്നോ ഫേസ് ബുക്കില്‍? ഇവരാരും എന്താ എന്നോട് ഒന്നും പറയാത്തത്..?? 

മോനെ.. ദാ ചായ തണുത്തു. ദോശയും ചമ്മന്തിയും തണുത്തു പോകും .. നീ എഴുന്നെല്‍ക്കുന്നുണ്ടോ, അതോ ഞാന്‍ വെള്ള മൊഴിക്കണോ തലയില്‍? 

ശോ ആരാ വെള്ളമൊഴിച്ചത്? ഞാന്‍ ഇതെവിടെയാണ്? അപ്പൊ ഞാന്‍ ഫെയ്ക്ക് അല്ലെ? 

നിനക്കിതെന്തു പറ്റി? ഫെയ്ക്കോ? അതെന്തൂട്ട് സാധനം? ഓരോ  വട്ടും ചിന്തിച്ചു കിടന്ന് ഉറങ്ങിക്കോളും ? പോയി കുളിക്കെടാ 

ശോ,, അത് സ്വപ്നമായിരുന്നോ? ഭാഗ്യം, അപ്പോള്‍ ഞാന്‍ ഫെയ്ക്ക് അല്ല. അപ്പോള്‍ ഞാന്‍ "ലോകം അംഗീകരിച്ച, ഭൂലോക സുന്ദരനായ" ആയില്യം തിരുനാള്‍  തന്നെയാണ് 

വിനോദ വീടും മുഖ പുസ്തകവും

താഴെ നടക്കുന്ന സംഭാഷണ ശകലങ്ങള്‍ക്ക് "ഫേസ് ബുക്കുമായോ" അതിലെ സംഭവ ങ്ങളുമായോ എന്തെങ്കിലും ബന്ധമുണ്ടെന്ന് എന്നെ പോലെ നിങ്ങള്‍ക്കും തോന്നിയാല്‍ അത് വെറും യാദൃചികം മാത്രമാണെന്ന് പറഞ്ഞു "സ്വന്തം ആരോഗ്യം സംരക്ഷിക്കേണ്ടി വരുന്ന" ഒരു പാവം തമ്പുരാന്‍  

തമ്പുരാന്‍ രാജ ഗുരു എഴുന്നള്ളു ന്നേയ്  ....

തമ്പു - പ്രണാമം ഗുരോ

ഗുരു  -  ആയുഷ്മാന്‍ ഭവ തമ്പുരാന്‍. എന്താണ് നമ്മോടു അങ്ങയെ മുഖം കാണിക്കണം എന്ന സന്ദേശം കൊടുത്തയച്ചത്‌? ANY SPECIFIC REASON ?

തമ്പു- (ഈശ്വരാ ഗുരുവും ഇംഗ്ലീഷ്   പറഞ്ഞു തുടങ്ങിയോ...)ഗുരോ, രാജ്യത്ത് എന്തൊക്കെയോ അനര്‍ത്ഥ ങ്ങള്‍   സംഭവിക്കുന്നത്‌ പോലെ..SOMETHING  IS  STINKING  SOMEWHERE 

ഗുരു  -  (ഈശ്വരാ മൂര്‍ഖന്‍ പാമ്പിനെയാണോ ചവിട്ടിയത്.. ഇങ്ങേര്‍ പറഞ്ഞതിന്റെ അര്‍ഥം എന്താണോ ആവോ..) പെട്ടെന്ന് അങ്ങനെ തോന്നാന്‍ കാരണം? തെളിച്ചു പറയൂ TELL  തമ്പുരാന്‍  TELL 

തമ്പു- ഗുരോ അങ്ങേയ്ക്ക് അറിയാമല്ലോ  , "വിനോദം മാത്രം  ലക്‌ഷ്യം വച്ച് കൊണ്ട് നാം ഒരു പ്രസ്ഥാനം തുടങ്ങിയിരുന്നു. അതിനൊരു പേരും ഇട്ടു "വിനോദ വീട്" . മുക്കിനും മൂലയിലുമുള്ള നാട്ടു രാജാക്കന്മാര്‍ക്കും  , മറ്റു പ്രജകള്‍ക്കും പരസ്പരം കണ്ടും വര്‍ത്തമാനം പറഞ്ഞും ചിരിച്ചും ഒക്കെ ഹര്‍ഷ പുളകിതരാകാന്‍ ഒരു "കളരി". അതായിരുന്നു നമ്മുടെ ഉദ്ദേശം. അത് കൊണ്ട് തന്നെ യാതൊരു നിയന്ത്ര ണ ങ്ങളും    ഏര്‍പ്പെടുത്തിയിരുന്നില്ല. മഹാബലി തമ്പുരാന്‍ വാണ നാടിന്റേതായ ഒരു അന്തരീക്ഷം ആണ് ഇവിടം എന്ന ഒരു അഹങ്കാരം ആയിരുന്നു നമ്മുടെ മനസ്സില്‍. അത് കൊണ്ട് തന്നെ നമ്മുടെ മന്ത്രി പുങ്കവന്‍ (MBA ഫ്രം കോയിക്കല്‍ സര്‍വകലാശാല ) "വിനോദ വീട്" എന്ന പേരിനു ഒരു "ഭാരമില്ല" അതുകൊണ്ട് ആ പേര് മാറ്റി "മുഖ കണ്ണാടി" എന്നിടാം എന്ന് പറഞ്ഞപ്പോഴും നാം പുഞ്ചിരിച്ചു കൊണ്ട് അതിനു അനുവാദം കൊടുത്തു. പക്ഷെ...

ഗുരു  -  പക്ഷെ? എന്ത് പക്ഷെ? എന്താ തമ്പുരാന്‍, why  did  you  put  a  പക്ഷേ at  the  end ?

തമ്പു- (പുല്ല്.. ദേ പിന്നെയും ഇംഗ്ലീഷ്. ഇങ്ങേര് എന്നെ കൊണ്ട് "രാപ്പിടെക്സ്   ഇംഗ്ലീഷ്   സ്പീകിംഗ്‌ കോഴ്സ്" മേടിപ്പിച്ചേ അടങ്ങൂ..) ഗുരോ.. സമാധാനപരമായി രസകരമായി പോയിക്കൊണ്ടിരിക്കുന്ന ഈ കളരിയില്‍ , ചില "തെറിച്ച പ്രജകളുടെ" പ്രജാ  വിരുദ്ധ പരമായ ചില നടപടികള്‍ കാരണം ഒരു രസക്കുറവു അനുഭവപ്പെടുന്നതായി കൊട്ടാരവാസികളും, പിന്നെ മറ്റു പ്രജകളും   പരാതി ഉണര്‍ത്തി ച്ചിരിക്കുന്നു  .

ഗുരു  -  പ്രജാ  വിരുദ്ധ മോ?  സാമൂഹിക വിരുദ്ധമെന്നു കേട്ടിട്ടുണ്ട് , ഇത്ര കടുകട്ടി മലയാളം പ്രയോഗിക്കാതെ ഈ ഗുരുവിനു മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞു പണ്ടാരമാടക്കിക്കൂടെ ..

തമ്പു- ഗുരോ.. MIND  YOUR  LANGUAGE ,

ഗുരു  -  ലഗ്ഗെജോ? അതെന്താണ് തിരുമനസ്സേ

തമ്പു- ഗുരോ പദങ്ങള്‍ സൂക്ഷിച്ചു ഉപയോഗിക്കാന്‍ . പണ്ടാരം നമുക്ക് ഹിതമല്ലാ . നമ്മെ വെറുതെ ആ "ചന്ത ലെവലിലെയ്ക്ക് " കൊണ്ട് പോകരുത്.

ഗുരു  -  ക്ഷമിക്കണം തമ്പുരാന്‍, ഒരു നിമിഷം നാം പള്ളി ചന്തയില്‍ ആണെന്ന് വിചാരിച്ചു പോയി (രണ്ടും കണക്കു തന്നെ. BOTH  ARE  MATHEMATICS ..). പറഞ്ഞാലും തമ്പുരാന്‍, എന്താണ് ശരിക്കും സംഭവിച്ചത്?

തമ്പു-നല്ലവരായ ചില പ്രജകളുടെ "മുഖം മൂടി" ധരിച്ചു കൊണ്ട് മറ്റു ചിലര്‍ ആ കളരിയില്‍ ചെന്ന് സഭ്യവും അസഭ്യവുമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നു. ഒടുവില്‍ ശരിക്കുള്ള പ്രജയാര്, കൂതറ പ്രജയാര് .. ക്ഷമിക്കണം വൃത്തികെട്ട പ്രജയാര് എന്ന് മനസ്സിലാക്കാന്‍ ആകാത്തവിധം സംഗതികള്‍ വഷളാ യിരിക്കുന്നു  . .

ഗുരു  -  (ഹും സ്വയം ഉപയോഗിക്കുന്ന വാക്ക് കേട്ടോ "കൂതറ" എന്നിട്ടാ ഇങ്ങേരു എന്റെ മണ്ടയ്ക്ക് കുതിര കേറുന്നത്.. ഇങ്ങേരു എന്നെ കൊണ്ട് കിണ്ടി എടുപ്പിക്കും ശപിപ്പിക്കാന്‍ . വേണ്ട, വെറുതെ എന്തിനാ ആ വാളിന്‌ പണി കൊടുക്കുന്നത്). തമ്പുരാന്‍, ഇതിനെതിരെ എന്തെങ്കിലും പോംവഴി കണ്ടു പിടിച്ചൂടെ..

തമ്പു-BLOODY  HELL .. ക്ഷമിക്കണം ഒരു നിമിഷം ഞാന്‍ ഗുരുവിനെ ഒന്ന് ബഹുമാനിച്ചു  പോയി.  ഒരു പോംവഴി കണ്ടുപിടിക്കാനാ അങ്ങയെ ഇങ്ങോട്ട് കെട്ടി എടുപ്പിച്ചത്. പിന്നെയും ക്ഷമിക്കൂ, അങ്ങയെ ഇങ്ങോട്ട് ആനയിച്ചത് ഗുരോ.. എന്താണ് ഈ പ്രശ്നത്തിനൊരു പരിഹാരം?

ഗുരു  -  (പുല്ല്.. ഞാന്‍ കരുതി വല്ല പണക്കിഴിയും തരാനായിരിക്കുമെന്ന്. ഇങ്ങനെ ഒരു മാരണം ആണോ എന്റെ നെഞ്ചത്തോട്ട് വച്ച് തന്നത്,).. തമ്പുരാന്‍ നാമൊന്നു ആലോചിക്കട്ടെ. 

തമ്പു-TAKE  YOUR   OWN  TIME  ഗുരോ .. BUT  COME  UP  WITH  A  SOLID  SOLUTION 

ഗുരു  -  (ദൈവമേ നമുക്കിട്ടു വല്ല തെറിയുമാണോ ഈ കാലമാടന്‍ പറയുന്നത്?) എന്താണ് തമ്പുരാന്‍ അവിടുന്ന് ഉദ്ദേശിച്ചത്?

തമ്പു- ക്ഷമിക്കണം ഗുരോ, നേരത്തെ അങ്ങ്   ഇംഗ്ലീഷ് വച്ച് കാച്ചുന്നത് കണ്ടപ്പോള്‍, നാം കരുതി അങ്ങയ്ക്ക് ഏതോ സായിപ്പിനെ ഗുരുവായി കിട്ടിയെന്ന്. നാം ഉദ്ദേശിച്ചത്, "സമയം എടുത്ത് ആലോചിച്ച് നല്ല ഒരു പോംവഴി കണ്ടു പിടിക്കാന്‍"

ഗുരു  -  നമുക്ക് അത് മനസ്സിലായിരുന്നു തമ്പുരാന്‍ (പുല്ല് വെറുതെ തെറ്റിദ്ധരിച്ചു) 

അല്‍പ സമയം കഴിഞ്ഞ്

ഗുരു  -  കിട്ടി തമ്പുരാന്‍. ഒരു മനോഹരമായ വഴി നമുക്ക് തെളിഞ്ഞു വരുന്നു. 

തമ്പു- OH  MY  GOD , YOU  ARE  THE  MAN  ഗുരോ YOU ARE  THE MAN . പറയൂ എന്താണ് വഴി.

ഗുരു  -  തമ്പുരാനെ, നമ്മുടെ രാജ്യത്ത് ഇഷ്ട്ടം പോലെ "നെല്ലിക്കാ മരം" ഉള്ളതായി അങ്ങേയ്ക്ക് അറിയാമല്ലോ, ഒരു ഉത്തരവ് പുറപ്പെടുവിച്ചാലും, അടിയന്തിരമായി ഈ രാജ്യത്തെ എല്ലാ പ്രജകളും, ആള്‍ക്ക് ഓരോ ചാക്ക് വച്ച് നെല്ലിയ്ക്കാ പറിക്കുകയും, എത്രയും വേഗം അവയെ "സ്വന്തം ശിരസ്സില്‍" തളം വയ്ക്കുകയും വേണമെന്ന്. അങ്ങനെ നെല്ലിക്കാ തളം വയ്ക്കുക വഴി, ഒരു മാതിരി പെട്ട എല്ലാ പ്രശ്നങ്ങളും തീരുമെന്ന് ഈ ഗുരുവിന്റെ ജീവിതം തന്നെ ഉദാഹരണം ആയി അങ്ങേയ്ക്ക് നോക്കി കാണാം

തമ്പു- സമ്മതിച്ചു ഗുരുവേ സമ്മതിച്ചു. അങ്ങയുടെ ഒടുക്കത്തെ ഒരു ബുദ്ധി. നമുക്ക് സന്തോഷമായി ഗുരുവേ സന്തോഷമായി.

ആരവിടെ? ഗുരു പറഞ്ഞ ഉപായം എത്രയും   വേഗം  ഒരു "ഉത്തരവ്" ആയി ആലേഖനം ചെയ്തു നാട് മുഴുവന്‍ വിളംബരം ചെയ്യുവിന്‍...പ്രജകളെല്ലാം "നെല്ലിയ്ക്കാ തളം" വച്ചു എന്ന് ഉറപ്പു വരുത്തിയിട്ട് നമ്മെ അറിയിക്കുവിന്‍..

ഗുരോ, അങ്ങില്‍ നാം സംപ്രീതനായിരിക്കുന്നു  . നമിക്കുന്നു അങ്ങയെ നാം.

ആരവിടെ, കൊണ്ട് വരിന്‍ പണക്കിഴി.

മന്ത്രി പുങ്കവാ, തൊട്ടടുത്ത KFC ശാലയില്‍ വിളിച്ചു എത്രയും വേഗം ഒരു KFC BUCKET  തന്നെ  വരുത്തി ഗുരുവിന്റെ പള്ള നിറപ്പിക്കുവിന്‍.

നാമേതായലും ഈ സന്തോഷം ഒന്ന് ആഘോഷിച്ചു തീര്‍ക്കട്ടെ. ,