Saturday, October 16, 2010

കുളക്കരയിലെ പ്രേമ സല്ലാപം

പ്രിയതമേ.. നമുക്കാ കുളത്തിന്‍ കരയില്‍ പോയിരുന്നാലോ..

ശോ.. ആ പല്ലിന്റെ വിടവ് പിന്നെയും കൂടിയോ, ഒരു കുട്ട തുപ്പല് എന്റെ മുഖത്തു തന്നെ വീണു. കുറച്ചു കളി മണ്ണ് എടുത്ത് ആ പല്ലില്‍ ഒട്ടിയ്ക്കരുതോ...ഫ്രിയതമാ,...

ശോ.. എന്തുവാടീ ഇത്, ഒരു മീറ്റര്‍ ദൂരത്തു നിന്നിട്ടും എന്റെ മുഖം നനച്ചല്ലോ നിന്റെ തുപ്പല് വീണിട്ട്, എന്നെ കുറ്റം പറഞ്ഞപ്പം ഞാന്‍ കരുതി നീ വലിയ ജയഭാരതി ആയി എന്ന്. അതു മല്ല, വിവരമില്ലാത്തവളെ, "ഫ്രിയതമന്‍" അല്ല പ്രിയതമന്‍..

അറിയാം, പെട്ടെന്ന് "പ്രി" എന്ന് പറഞ്ഞപ്പോള്‍, കാറ്റു പല്ലിന്റെ ഇടയില്‍ കൂടി പോയി "ഫ്രി" എന്നായതാ. നിങ്ങള് അങ്ങിനെ പറയാന്‍, ജയഭാരതിയുടെ പല്ലിനും വിടവുണ്ടല്ലോ...

ഇനി അതേല്‍ പിടിച്ചു  കേറിക്കോ...അവര്‍ക്ക് പല്ലില്‍ വിടവുന്ടെങ്കില്‍, അവര്‍ അടച്ചോളും. നീ വാ നമുക്ക് കുളക്കരയില്‍ കാറ്റ് കൊള്ളാന്‍ പോകാം..

ശോ.. ഈ കുളം കാണുമ്പോള്‍ പാട്ട് പാടാന്‍ തോന്നുന്നു.

ഏതു പാട്ട്?

നീരാടുവാന്‍, കൊളത്തില്‍ നീരാടുവാന്‍..

കാലമാടാ, കൊളം അല്ല, നിളയില്‍ നീരാടുവാന്‍.

എടീ നിളയുടെ തീരത്ത്‌ നില്‍ക്കുമ്പോള്‍ അവിടെ നീരാടണം, കുളത്തിന്‍ കരയില്‍ ആകുമ്പോള്‍ അവിടെ .. അതാണ്‌ ജനാധിപത്യം..

സമ്മതിച്ചു, നിങ്ങടെ ഒടുക്കത്തെ  ഒരു ബുദ്ധി. പോട്ടെ എവിടെ കപ്പലണ്ടി?

ദാ.. കൊറിച്ചോ.. കപ്പലണ്ടി എന്ന് കേട്ടപ്പോള്‍ പെട്ടെന്ന് ഒരു മോഹം, നമുക്ക് അന്താക്ഷരി കളിച്ചാലോ?

വയസ്സാന്‍ കാലത്ത് ഓരോ മോഹങ്ങള്‍.. ശരി അക്ഷരം പറയു

കപ്പ..

കപ്പയോ, ഒരക്ഷരം പറയൂ മനുഷ്യാ

എല്ലാരും  ഒരക്ഷരത്തില്‍ തുടങ്ങും, പക്ഷെ നമുക്ക് രണ്ടക്ഷരത്തില്‍ തുടങ്ങാം..

ശരി .. ദാ പിടിച്ചോ, "കപ്പലേറി പോയാച്ച്, അതു അപ്പടി മുങ്ങിയാച്ച്‌  , തങ്കമ്മാ.. .. "

ഇതേതു ഭാഷയാടീ, ഏതു സിനിമയാ??

തമിഴാ, റഹ്മാന്റെ സംഗീതം. ഇതാ പിടിച്ചോ "മ "

ഓഹോ നീ തമിഴ് പാടിയോ, എന്നാ പിടിച്ചോ, ഒരു ഇംഗ്ലീഷ് പാട്ട്..

MANY  TIMES FLOWER TENSE MISSED ITS WAY AND WENT TO A NEVER FLOWERING BRANCH OF A MANGO TREE ..ഡാ പിടിച്ചോ "മ" 

ഇങ്ങനൊരു ഇംഗ്ലീഷ് പാട്ട് ഞാന്‍ കേട്ടിട്ടില്ല മനുഷ്യാ, പക്ഷെ ആ ഈണം എവിടെയോ കേട്ട പോലെ, ഇങ്ങനൊരു മലയാളം പാട്ട് ഉണ്ടല്ലോ..

ഹി ഹി,, മിടുക്കി നിനക്ക് മനസ്സിലായില്ലേ.. "മണി ചിത്രതാഴിലെ" "പലവട്ടം എന്നാ പാട്ട്"  ഞാനങ്ങു  തര്‍ജിമ ചെയ്തതാ, പലവട്ടം ( MANY  TIMES ), പൂ കാലം (FLOWER TENSE  )വഴി  തെറ്റി  (MISSED ITS WAY  )പോയിട്ടങ്ങോ     (WENT TO A ) രുനാളും പൂക്കാ മാങ്കൊമ്പില്‍ (NEVER FLOWERING BRANCH OF A MANGO TREE  )...

ശോ, നിങ്ങളുടെ ഒടുക്കത്തെ ഒരു ഇംഗ്ലീഷ്. ആ ഡിക്ഷനറി ഒണ്ടാക്കിയ ഡോക്ടര്‍ ജോണ്‍സന്‍ സാര്‍ കണ്ടിരുന്നേല്‍ ഈ കൊളത്തില്‍ മുക്കി കൊന്നേനെ.. ഹ ഹ ..
വീണ്ടും  അക്ഷരം "മ" കാരണം ബാക്ടീരിയ

അതെന്തുവാടീ ബാക്ടീരിയ എന്ന് പറഞ്ഞത്..

റേഡിയോയിലെ കോള്‍ഗേറ്റ് പരസ്യം പറഞ്ഞതാ
എങ്കില്‍ ഞാനും പാടാം ഒരു ഇംഗ്ലീഷ് പാട്ട് "MANATHAARIL ALWAYS GET THE GOLDEN DREAMS , HEART   GODDESS , COME AS DEAR RAAGA IN MY  LIFE  "
ഇതാ പിടിച്ചോ "ട  "

ഇതേതു പാട്ടാടീ . ഞാന്‍ എവിടെയോ  കേട്ടിട്ടുണ്ടല്ലോ.. ഹഹ

എന്റെ മനുഷ്യനെ.. "മനതാരിലെന്നും പൊന്‍ കിനാവും കൊണ്ട് വാ.. ഹൃദയേശ്വരി, മമ ജീവനില്‍ പ്രിയ രാഗമായ് വാ

ദൈവമേ എന്നെയങ്ങ് കൊല്ല്. ഹ ഹ.   "ല " യില്‍  നിര്‍ത്തിയിട്ടു എങ്ങനാടീ "ട" യില്‍ പാടുന്നത്? എന്തായാലും നീ പറഞ്ഞതല്ലേ ഞാന്‍ പാടാം
ഒരു മിനിട്ട് ഒന്നാലോചിക്കട്ടെ..
ദാ പിടിച്ചോ..

TAKE A BATHE , TAKE A BATHE IN NILA , WHY DID YOU COME LATE FLOWER SUN ?  ദാ പിടിച്ചോ "സ"

ഹ ഹ മനസ്സിലായി നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍...ഹ ഹ ഹ

മുത്തശ്ശാ  , മുത്തശ്ശി, എന്തുവാ ഈ കുളക്കരയില്‍ ??? വാ നമുക്ക് സാറ്റ് കളിക്കാം

അയ്യോടീ ദേ ചെറുമക്കള്‍ വിളിക്കുന്നു . വാ നമുക്ക് അവരോടൊപ്പം കളിക്കാം.

ശരിയാ നമ്മളും ചെറിയ കുട്ടികളല്ലേ ഇപ്പോള്‍.. "അയിലവായില്‍  ദിവാകരേട്ടാ....

എന്തോന്ന്?

ഐ ലവ് യു ദിവാകരേട്ടാ ന്നു..

ശ്യോ..അയിലവായില്‍... അല്ല  ഐ ലവ് യു ഭാനുമതി... ഹ ഹ.. ഈ ലോകത്തില്‍ നമുക്ക് തുല്യം നമ്മള്‍ മാത്രം.  എന്നും നമുക്ക് ഇങ്ങനെ സന്തോഷത്തോടെ തന്നെ ജീവിച്ച്‌ ..WHEN GOD CALL GO TOP  TOGETHER ..

ഹ ഹ.. ദൈവം വിളിക്കുമ്പോള്‍ നമുക്ക് ഒരുമിച്ചു മുകളിലേയ്ക്ക് പോണം എന്നല്ലേ ഉദ്ദേശിച്ചത്.... നമ്മുടെ വാക്കുകളും നമുക്ക് മാത്രമേ മനസ്സിലാവൂ ദിവേട്ട..പിന്നെയും അയിലവായില്‍

അതെ ഭാനൂ.. അയിലവായില്‍ പിന്നെയും

No comments:

Post a Comment