Monday, October 4, 2010

സുലോചനയ്ക്കു മംഗളം

"എന്താ പുതിയ വിശേഷം? എന്തെങ്കിലും പുരോഗതിയുണ്ടോ? എത്ര നാളായി ഇങ്ങനെ  കിടക്കുന്നു. പാവം എന്തൊരു ദുരിതമാ ഈ പ്രായത്തില്‍ ആ കുട്ടി അനുഭവിക്കുന്നത്"? ശ്യാമള ചോദിച്ചു.

"കൂട്ടുകാരികള്‍ കല്യാണം കഴിച്ചു കുടുംബമായി താമസിക്കുന്നു. എന്നിട്ടും ഇവള്‍ മാത്രം ഇങ്ങനെ..!! ഈശ്വരാ.. "
ശ്യാമള യോട്   ഇത് പറയുമ്പോള്‍ കോമള ത്തിന്റെ   കണ്ണുകള്‍ നിറഞ്ഞൊഴുകി..

"എന്ത് ചെയ്യാനാ കോമളം,  നമുക്ക് പ്രാര്‍ത്ഥിക്കാം. അല്ലാതെന്തു ചെയ്യാന്‍". 

കൊച്ചിയില് ഏതോ വലിയ ആശുപത്രി ഉണ്ടത്രേ. അവിടെ കൊണ്ട് പോയി നോക്കാം എന്നാ ദിവാകരന്‍ പറയണേ. ഇന്ന് വൈകിട്ടത്തെ തീവണ്ടി പിടിക്കാനാ തീരുമാനം". കണ്ണ് തുടച്ചു കൊണ്ട് കോമളം പറഞ്ഞു.

"എന്നാല്‍ പിന്നെ   കോമളം, ഞാന്‍ അങ്ങട് ഇറങ്ങായി. ചെന്നിട്ടു വിവരത്തിനു വിളിക്കണേ. ഞാന്‍ പ്രാര്‍ഥിക്കാം".

ആഴ്ച ഒന്ന് കഴിഞ്ഞു. ശ്യാമള വന്നത് നല്ലൊരു വിശേഷമായിട്ടായിരുന്നു. കേട്ടോ, ശ്യാമളെ, ന്റെ ചെറിയമ്മയുടെ മോള്‍ ഡോക്ടര്‍ കമലാക്ഷിയെ നിനക്കറിയില്ലേ? അവളുടെ   ഒരു സുഹൃത്ത് അങ്ങ് ഫ്ലോറിടയില്‍ ഉണ്ട്. അവളോട്‌ ഞാന്‍ സുലോചനയുടെ അസുഖക്കാര്യം പറഞ്ഞു. കൊച്ചിയില്‍ കൊണ്ട് പോയിട്ടും ഫലമില്ല്യാന്നു പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു ഇന്ന് വൈകിട്ട് ഈ അസുഖക്കാര്യം ഫ്ലോറിടയിലെ ആ ഡോക്ടറുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച ചെയ്യാമെന്ന്. എന്തായാലും നീ ആ കുരിപ്പടികളും മരുന്നുകളും മറ്റെല്ലാ വിവരണങ്ങളും ഇങ്ങു തന്നെയ്ക്കൂ, ഞാന്‍  കമലാക്ഷിയ്ക്ക് കൊണ്ടെ കൊടുക്കാം.

പിറ്റേന്ന് ശ്യാമള വന്നത് മങ്ങിയ മുഖത്തോടെ ആയിരുന്നു. കോമളം നെടുവീര്‍പ്പോടെ അവരെ സ്വാഗതം ചെയ്തു.
"അമേരിക്കന്‍ ആശുപത്രി ചരിത്രത്തില്‍ ഇത്തരം ഒരു രോഗം ആര്‍ക്കും വന്നിട്ടില്ല്യാത്രേ. എന്തൂട്ടാ ചികിത്സ ചെയ്യേണ്ടേ എന്ന് അവര്‍ക്കും ഒരു രൂപമില്ല്യാത്രേ.."

" ഇനി നമ്മള്‍ എന്താ ചെയ്കാ എന്റെ കൃഷ്ണാ.." കോമളം തളര്‍ന്നു കസേരയിലേക്ക് ഇരുന്നു.

"ഞാന്‍ അപ്പോഴേ പറഞ്ഞതാ ആ പണിക്കരെ കൊണ്ട് കുട്ടീടെ ജാതകം ഒന്ന് പരിശോധിക്കാം എന്ന്. ഇവിടെ ആര്‍ക്കുണ്ട് അതിനു നേരം. എന്താച്ചാ ആയിക്കോളൂ, ന്റെ കുട്ടിയെ നിങ്ങള്‍ക്കാര്‍ക്കും ഇഷ്ടല്യാന്നുണ്ടോ"? ഉമ്മറത്ത് നിന്നും മുത്തശിയുടെ ഉറക്കെയുള്ള സംസാരം കേട്ട് അവര്‍ തിരിഞ്ഞു നോക്കി.

"അത് ശരിയാ കോമളം. നമുക്ക് ആ പണിക്കരെ കൊണ്ടൊന്നു നോക്കിച്ചാലോ? പ്രസിദ്ധനല്ലേ  . എന്തൊക്കെ കാര്യങ്ങളാ മുന്‍കൂട്ടി പറഞ്ഞിരിക്കണേ.. തട്ടകത്തെ ഭഗവതിയുടെ പഞ്ച  ലോഹ  വിഗ്രഹം കാണാ ണ്ടായപ്പോള്‍  , പണിക്കര്‍ പറഞ്ഞത് ഓര്‍ക്ക ണി ല്ലേ  , ആ പൊട്ടക്കിണറ്റില്‍ നോക്ക്യോളൂ, അവിടുണ്ടാകുംന്നാ ഭഗവതി പറയണേ  എന്ന്. നമുക്ക് എന്തായാലും ഒന്ന് പോയി നോക്കാമെന്നേ  "

"ശരി ശ്യാമളെ, ഇനി അത് കൂടിയേ ഉള്ളൂ ബാക്കി. ഞാന്‍ ജാതകം എടുത്തു ഇപ്പൊ വരാം"

വഴി നീളെ ആ കൂട്ടുകാരികള്‍ പ്രാര്‍ത്ഥിച്ചത്‌ ഈ യാത്രയ്ക്കെങ്കിലും ഫലം ഉണ്ടാകണേ എന്നായിരുന്നു.

പണിക്കര്‍ അതി വിശാലമായി തന്നെ ജാതകം പരിശോധിച്ചു. ഒരു മണിക്കൂറത്തെ ഗണനം കഴിഞ്ഞു അക്ഷമരായിരിക്കുന്ന ആ വനിതകളെ അദ്ദേഹം തലയുയര്‍ത്തി നോക്കി, നീട്ടിയൊന്നു മൂളി. എന്നിട്ട് പറഞ്ഞു, "ശാപാ, ശരിക്കും ശാപം. നാഗരെ ദ്രോഹിച്ചിരി ക്ക്ണൂ  ഈ കുട്ടി. നാഗരാജാവും, നാഗയക്ഷിയും തീര്‍ത്തും സംപ്രീതരല്ല. ഇനിയും അവരുടെ കോപം അടങ്ങിയിട്ടില്ല".

"ഭഗവാനെ"... കോമളത്തിന്റെ തൊണ്ടയില്‍ നിന്നും ആര്‍ത്ത നാദം ഉയര്‍ന്നു . "ഇനിയിപ്പോ എന്താ ഒരു പരിഹാരം ന്റെ പണിക്കരെ. ഒന്ന് നോക്കിയാട്ടെ "

"പരിഹാരം ഇല്ലാത്ത പ്രശ്നങ്ങള്‍ ഇല്ലല്ലോ .  പൂജകള്‍ ചെയ്യണം. നാഗരാജാവിനെയും, നാഗയക്ഷിയെയും പ്രീതിപ്പെടുത്തിയെ മതിയാകൂ." പണിക്കര്‍ പറഞ്ഞു.

"ചെയ്തേക്കാം പണിക്കരെ, എല്ലാം ചെയ്യാം ഉടന്‍ തന്നെ", കോമളം പറഞ്ഞു.

പണിക്കര്‍ തുടര്‍ന്നു "പൂജകളെല്ലാം അര്‍പ്പിച്ചു കഴിഞ്ഞു നാളുകള്‍ക്കകം നാഗരാജാവിനും  നാഗയക്ഷിക്കും ഏറെ പ്രിയപ്പെട്ടവനായ ഒരാള്‍, വൈഷ്ണവീയമായ കണ്ണുകളോട് കൂടിയവന്‍, തേജസ്സുറ്റ മുഖം, സൗന്ദര്യത്തിന്റെ അവസാന വാക്ക് എന്ന് അറിയപ്പെടുന്നവന്‍ , ശുദ്ധന്‍,  യാതൊരു ദുശീലങ്ങളും ഇല്ലാത്തവന്‍, ദാന  ധര്മിഷ്ടന്‍, എല്ലാവരാലും  സ്നേഹിക്കപ്പെടുന്നവന്‍, ആദരിക്കപ്പെടുന്നവന്‍  , ഇങ്ങനെയുള്ള ഒരു ചെറുപ്പക്കാരന്‍, ഭാര്യ യോടും കുഞ്ഞിനോടുമൊപ്പം യാദൃചികമായി നിങ്ങളുടെ ഭവനം സന്ദര്‍ശിക്കും. അത് നാഗരുടെ നിശ്ചയമാണ്. അവര്‍ മൂവരും ചേര്‍ന്ന് സുലോചനയുടെ ശിരസ്സില്‍ തഴുകും. ഒരിറ്റു വെള്ളം അവളുടെ മുഖത്തു തളിയ്ക്കും. അപ്പോള്‍ സുലോചന എഴുന്നേല്‍ക്കും സകല രോഗങ്ങളും മാറും, എല്ലാ ഐശ്വര്യവും സന്തോഷവും നിങ്ങളുടെ വീട്ടില്‍ കളിയാടും. സര്‍വ മംഗളങ്ങളും ഭവിയ്ക്കും".

ഇത് കേട്ടതും, ആ കൂട്ടുകാരികള്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു നാഗരാജാവിനെയും, നാഗയക്ഷിയെയും സ്തുതിച്ചു, എത്രയും വേഗം പൂജകളെല്ലാം ചെയ്തേക്കാം എന്ന് നേര്‍ന്നു. 

പണിക്കര്‍  തുടര്‍ന്നു, "ആറ്റിങ്ങല്‍ എന്ന ദേശത്ത്‌, കൊല്ലംപുഴയില്‍ കൊട്ടാരത്തിനു സമീപത്തായി ശ്രീകൃഷ്ണ ഭവന്‍ എന്ന തറവാട്ടില്‍ ജനിച്ച ആ ദിവ്യ രൂപന്‍ പോയ ഓണക്കാലത്ത് ആ ദേശം സന്ദര്‍ശിക്കുകയും, പരദേവതയെ ദര്‍ശിച്ചു വണങ്ങി, നാഗരാജാവിനെയും, നാഗയക്ഷിയെയും പ്രീതിപ്പെടുത്തി അനുഗ്രഹം മേടിച്ചിരുന്നു. ഇനി വരുന്ന ധനു മാസത്തില്‍ അദ്ദേഹം വീണ്ടും സന്ദര്‍ശനത്തിനു വരുന്നുണ്ട് അദ്ദേഹത്തിന്‍റെ സഹോദര വിവാഹത്തിനു കൂടാനായിട്ടു. ആ സമയത്ത് തന്നെയാകും നിങ്ങളുടെ ഭവനം അദ്ദേഹം കുടുംബ സമേതം സന്ദര്‍ശിക്കുക എന്നാണു ഗണിച്ചതില്‍  നിന്നും അറിയാന്‍ കഴിയുനത്. "

ആ മഹത് വ്യക്തിയെ മനസ്സാല്‍ ആദരിച്ചു കൊണ്ട്, സ്നേഹിച്ചു കൊണ്ട് പണിക്കര്‍ക്ക് ദക്ഷിണയും നല്‍കി, നിറഞ്ഞ മനസ്സോടെ ആ കൂട്ടുകാരികള്‍ വീട് ലക്ഷ്യമാക്കി നീങ്ങി, ഈ വിശേഷം വീട്ടില്‍ അറിയി ക്കാനുള്ള  തിടുക്കത്തോടെ,  മുത്തശിയ്ക്കു മനസ്സാല്‍  നന്ദി പറഞ്ഞു കൊണ്ട്   അവര്‍ നടന്നു.

ഇത് വായിച്ചു നിങ്ങളും  എന്നെപോലെ ഇപ്പോള്‍ ആനന്ദാശ്രു പൊഴിയ്ക്കുകയാകും അല്ലെ? നമുക്കും ആ യുവാവിനെയും കുടുംബത്തെയും  വാഴ്ത്തിപ്പാടാം. എല്ലാ മംഗളങ്ങളും സുലോചനയ്ക്കു ഉണ്ടാകണേ എന്ന് പ്രാര്‍ത്ഥിക്കാം.

No comments:

Post a Comment