Monday, October 4, 2010

മൂന്നു മുഖക്കുരു

 പുലര്‍ച്ചെ നാലര മണിക്ക് തന്നെ എഴുന്നേറ്റു. ഇന്നും പതിവ് മുടക്കിയില്ല (മുഖം കഴുകീന്ന്). മുഖം കഴുകുന്ന വേളയില്‍ പെട്ടെന്ന് വിരലുകളില്‍ എന്തോ തടഞ്ഞു.. എന്താപ്പനെ ഇത്, മുഖക്കുരുവോ? ഒന്നല്ല, രണ്ടല്ല, മൂന്നെണ്ണം. അതും മൂന്നു നേരം മുഖം ഉരച്ചു കഴുകി കുളിക്കുന്ന ഈ തിരുനാളിന്റെ മുഖത്തോ?  അസാധ്യം, അസംഭവ്യം, അങ്ങനെ വായില്‍ കൊള്ളാത്ത വാക്കുകള്‍, മനസ്സില്‍ ഓര്‍ത്തു.

സ്വതവേ ഭൂലോക സുന്ദരന്‍ എന്ന് ലോകം അംഗീകരിച്ച ഒരാള്‍ക്ക്‌ സഹിക്കാവുന്നതിലും അധികം ആയിരിക്കുമല്ലോ മുഖത്തു കിട്ടിയ ആ മൂന്നു കുരുക്കള്‍.. ആ ടെന്ഷനോട് കൂടി തന്നെ കുളിച്ചു, പ്രാര്‍ത്ഥിച്ചു, പിന്നെ ചായ കുടിച്ചു. അലക്കി തേച്ച കുപ്പായം ഇട്ടു കൊണ്ടിരുന്നപ്പോഴും, വിരലുകള്‍ മുഖത്തേയ്ക്കു തന്നെ പോയി. ടെന്‍ഷന്‍ നിറഞ്ഞ മനസ്സുമായി തന്നെ ഓഫീസില്‍ എത്തി. PC ഓണ്‍ ചെയ്തപ്പോഴും, മനസ്സില്‍ ആ മൂന്നു കുരുക്കള്‍ തന്നെ.

പെട്ടെന്ന് ഞെട്ടിക്കുന്ന ഒരു സംഭവം ഓര്‍മ വന്നു .  പ്രീ ഡിഗ്രി പഠിച്ച കോളേജില്‍ വച്ച് ഒരു കൂട്ടുകാരി പറഞ്ഞത്... "നമ്മളെ ആരെങ്കിലും പ്രേമിക്കുമ്പോള്‍ ആണ് സാധാരണ ഈ കുരുക്കള്‍ വരാറുള്ളത്".  പിന്നെയും ടെന്‍ഷന്‍. ഇതിപ്പോ ആരായിരിക്കും?

ഉടന്‍ തന്നെ മൊബൈല്‍ ഫോണ്‍ കയ്യിലെടുത്തു .  ഹോളി  വുഡി ലെയും      , ബോളി  വുഡി ലെയും  , മോളി  വുഡി ലെയും എന്റെ ആരാധികമാരുടെയും കൂട്ടുകാരികളുടെയും നമ്പര്‍ കറക്കി. ആഞ്ചലീനയ്ക്കും,  ഡ്രൂ ബാരി മോറിനും, ദീപികയ്ക്കും, കാവ്യ മാധവനും, ഭാവനയ്ക്കുമൊക്കെ നാണത്തില്‍ പൊതിഞ്ഞ ഒരു ചിരി തരാനേ കഴിഞ്ഞുള്ളു.. ശോ.. സംശയം ബലപ്പെട്ടു, ഇതില്‍ ആരായിരിക്കും എന്നെ പ്രേമിക്കുന്നത്? ആരും ഒന്നും  പറയുന്നുമില്ല, വെറുതെ നാണിക്കുകയും ചെയ്യുന്നു.   ഈശ്വരാ "നോ എത്തും പിടിയും അറ്റ്‌ ഓള്‍" എന്ന് ഏതോ മഹാ കവി പാടിയത് (ഞാന്‍ തന്നെയാണെന്ന് തോന്നുന്നു) എത്ര ശരി എന്ന് പെട്ടെന്ന് തോന്നി.

സമയം പിന്നെയും ഒരു മണിക്കൂര്‍ മുന്നോട്ട് പോയി (സാധാരണ പുറകോട്ട് ആണ് പോകുന്നത് ആരും തെറ്റി ധരിക്കരുതേ..). ഒരു നിമിഷം മുകളിലേയ്ക്ക് നോക്കി ഈശ്വരനോട് ഉള്ളില്‍ ചോദിച്ചു  , എന്തിനങ്ങ് എന്നെ ഇത്രയും സുന്ദരനാക്കി? ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നെങ്കില്‍ ഇങ്ങനെ വല്ല പ്രശ്നവും ഉണ്ടാകുമായിരുന്നോ?

പെട്ടെന്ന് പോക്കറ്റില്‍ കിടന്നു "നോക്കിയ E72" ശബ്ദിച്ചു. "ടിടി ടിന്റിന്‍ ടിടി ടിന്റിന്‍ ടിടി ടിന്റിന്‍ ടിന്‍.. ദിവ്യ കാളിംഗ്   ..ടിടി ടിന്റിന്‍ ടിടി ടിന്റിന്‍ ടിടി ടിന്റിന്‍ ടിന്‍.. ദിവ്യ കാളിംഗ്"  എന്ന് പറഞ്ഞു തുടങ്ങി . പെട്ടെന്ന് തന്നെ ഫോണ്‍ എടുത്തു. ഹല്ലോ എന്ന് പറഞ്ഞുടന്‍, അവള്‍ ചോദിച്ചു."ഏട്ടാ എന്തെങ്കിലും ടെന്‍ഷന്‍ ഉണ്ടോ"?  അവളെ വിഷമിപ്പിക്കാന്‍ തോന്നാത്തതിനാല്‍ "ഒന്നുമില്ല" എന്ന് മറുപടി കൊടുത്തു.  പെട്ടെന്ന് ചിരിച്ചു കൊണ്ട് അവള്‍ ചോദിച്ച ചോദ്യം കേട്ട് ഞാന്‍ ഞെട്ടി.. "മുഖത്തു മൂന്നു മുഖക്കുരു വന്നിട്ടുണ്ടോ? "ശോ.. നീ എങ്ങനെ അറിഞ്ഞു? ഞാന്‍  ചോദിച്ചു.. ഉടന്‍ വന്നു അവളുടെ മറുപടി, "ഹ ഹ മൂന്നു  വര്‍ഷമായി ഞാന്‍ പ്രേമിച്ചു കൊണ്ടിരിക്കുകയല്ലേ, പക്ഷെ ആ സുന്ദര മുഖത്തു മുഖക്കുരു ഒന്നും ഉണ്ടാകരുതേ എന്ന് മുടങ്ങാതെ പ്രാര്‍ത്ഥിക്കുമായിരുന്നു  . ഇന്നലെ പ്രാര്‍ഥിക്കാന്‍ വിട്ടു  പോയി. അപ്പോഴേ അറിയാമായിരുന്നു ഇന്ന്  മുഖത്തു മുഖക്കുരു വരുമെന്ന്. അതും മൂന്നെണ്ണം".

ഹോ സമാധാനമായി. ഞാന്‍ അവളോട്‌ പറഞ്ഞു, ഇനി പ്രാര്‍ത്ഥിക്കാന്‍ ഒരിക്കലും മറക്കരുതേ എന്ന്. കാരണം മുപ്പതു കൊല്ലം കഴിഞ്ഞു ഏതെങ്കിലും ഒരു ദിവസം അവള്‍  പ്രാര്‍ത്ഥിക്കാന്‍ മറന്നാല്‍ എന്റെ മുഖത്തിന്റെ അവസ്ഥ എന്താകും?

ഒരു വലിയ ടെന്‍ഷന്‍ ഒഴിവായി എന്ന് പറഞ്ഞാല്‍ മതിയല്ലോ, അവള്‍ക്കു നന്ദി പറഞ്ഞും കൊണ്ട് ഫോണ്‍ വച്ചു. മുഖത്തു തടവിക്കൊണ്ട് ഞാന്‍ ഓഫീസ് തിരക്കിലേയ്ക്കും.

ഈ നോട്ട് വായിച്ചിട്ട് ഉള്ളില്‍ ആരാധനയോടെ നിങ്ങള്‍ നിങ്ങളുടെ വീട് മുഴുവന്‍ പരതുന്നത് എന്താണെന്ന് ഞാന്‍ പറയട്ടെ? അക്കമിട്ടു പറയാം: -
1 . ഉലക്ക
2. കൊടുവാള്‍
3. ചൂല്

കാരണം എനിക്കറിയാം.. സുന്ദരന്മാരെ അസൂയക്കാര്‍ എന്നും ക്രൂശിച്ചിട്ടെ ഉള്ളൂ.. ഈ ഗ്ലാമര്‍ എനിക്ക് എന്നും ഒരു ശാപം തന്നെ. ദൈവം എന്നെ ഒരു സുന്ദരനാക്കിയതിനു ഞാന്‍ എന്ത് പിഴച്ചു? സത്യത്തെ നാം അംഗീകരിച്ചേ  മതിയാകൂ..  അപ്പോള്‍ ശരി. കുറച്ചു കഴിഞ്ഞു കാണാം.

No comments:

Post a Comment