Monday, October 4, 2010

പറവൂര് കാരനും അവന്റെ ഗാന ശകലങ്ങളും

ഒരു പറവൂര്‍ കാരന്റെ സംഭവ ബഹുലമായ ജീവിതത്തില്‍ നിന്നും എടുത്ത ഒരു ഏട്, അവന്‍ പല വയസ്സുകളില്‍ പാടിയ ചില പാട്ടുകളും അവയുടെ    അനന്തര ഫലങ്ങളും, ഒരു എത്തി നോട്ടം

വയസ്സ് 6 - (ഒന്നാം ക്ലാസ്സിലെ സിന്ധുവിനെ നോക്കി) - സിന്ധൂ പ്രിയ സ്വപ്ന മഞ്ചരി തൂകി എന്നില്‍ (അവള്‍ കിട്ടിയ കല്ലെടുത്ത് എറിഞ്ഞു, ജന്മനാ നല്ല ഉന്നം ആയതു കൊണ്ട്   അവന്റെ നെറ്റിയില്‍ തന്നെ പതിച്ചു. ഇന്നും കണ്ണിനു മുകളില്‍ ഒരു കറുത്ത പാട് അവനില്‍ കാണാന്‍ കഴിയും

വയസ്സ് 7 (രണ്ടാം ക്ലാസ്സിലെ സുജാതയെ നോക്കി) -  എഴുതിയതാരാണ്‌ സുജാത നിന്റെ കടമിഴി   കോണിലെ കവിത (കോങ്കണ്ണി എന്ന ഇരട്ട പേരുള്ള സുജാത പുതുതായി  മേടിച്ച സ്ലേറ്റു എടുത്തു അവന്റെ തലയ്ക്കടിച്ചു അവനു മറുപടി  കൊടുത്തു. സൂക്ഷിച്ചു നോക്കിയാല്‍ ഇടത്തെ പുരികത്തിനു വശത്തായിട്ട് ഒരു അടയാളം ഇന്നും കാണാം)  

വയസ്സ് 8 (മൂന്നാം ക്ലാസ്സിലെ അമ്പിളി യെ  നോക്കി) - ചെമ്പക തൈകള്‍ പൂത്ത മാനത്ത്‌ പോന്നമ്പിളി ചുംബനം   കൊള്ളാന്‍ ഒരുങ്ങി (അമ്പിളിയുടെ പ്രതികരണം    ഒരുങ്ങി തന്നെയായിരുന്നു. രണ്ടു കിലോ ഭാരമുള്ള തേങ്ങ എടുത്തു അവനെ ലക്ഷ്യമാക്കി എറിഞ്ഞു. തലയ്ക്കു തന്നെ കൊണ്ടതിനാല്‍ അവനു മാനത്തെ പോന്നമ്പിളിയെയും, നക്ഷത്ര കൂട്ടത്തെയും പകല്‍ വെളിച്ചത്തില്‍ കാണാന്‍ കഴിഞ്ഞു)

വയസ്സ് 9 (നാലാം ക്ലാസ്സിലെ രാഗിണിയെ  നോക്കി) - രാഗിണീ രാഗരൂപിണീ പ്രിയവരദായിനീ പ്രേമവാഹിനീ (എടുക്കാന്‍ വയ്യാത്തത്ര ഭാരമുണ്ടായിരുന്നെങ്കിലും ആ വലിയ പാറക്കല്ല് രണ്ടു കയ്യും കൊണ്ടെടുത്തു രാഗിണി അവനെ എറിഞ്ഞു, പ്രതീക്ഷിച്ചിരുന്ന സംഭവം ആയതു കൊണ്ട് അവന്‍ തെന്നി മാറിയതിനാല്‍, പരിക്കുകളൊന്നും റിപ്പോര്‍ട്ട്‌ ചെയ്യ പെട്ടില്ല)

വയസ്സ് 10 (അഞ്ചാം ക്ലാസ്സിലെ ജാനകിയെ നോക്കി) - നാണമാവുന്നു, മേനി നോവുന്നു എന്റെ കൈകള്‍ നിന്നെ മൂടുമ്പം (അറം പറ്റിയ പാട്ട് എന്ന് തന്നെ പറയാം, ജാനകി അവനെ കഴുത്തിനു കുത്തി പിടിച്ചു ചുമരിനോട് ചേര്‍ത്തു  നിര്‍ത്തി. അവനു മേനി ശരിക്കും നൊന്തു. ഈ സംഭവം മറ്റു കൂട്ടുകാര്‍ കണ്ടതിനാല്‍ അവനു നാണവും വന്നു)  

വയസ്സ് 11 (ആറാം ക്ലാസ്സിലെ ജലജയെ നോക്കി) - നീയും നിന്റെ കിളി കൊഞ്ച ലും (ചെറിയ വിക്കുള്ള ജലജ അവളെ കളിയാക്കിയതാണെന്ന് വിചാരിച്ചു കിട്ടിയ പലകയും കൊണ്ട് അവനെ സ്കൂളിനു ചുറ്റും  ഓടിച്ചിട്ട്‌ തല്ലി. ആ വഴിക്ക് ഉടുപ്പ് മറയ്ക്കാത്ത എല്ലായിടത്തും കിട്ടി അവനു അടയാളങ്ങള്‍.

വയസ്സ്  12 (ഏഴാം ക്ലാസ്സിലെ സുമതിയെ നോക്കി) - വസുമതി.. ഋതുമതി ഇനി ഉണരൂ ഇവിടെ വരൂ ഈ ഇന്ദു പുഷ്പ ഹാര മണിയൂ   (അവള്‍ ആ വിളി കേട്ട് ഓടി തന്നെ വന്നൂ, പക്ഷെ കയ്യില്‍ ഒളിപ്പിച്ചിരുന്ന ചൂല്‍ അവന്‍ കണ്ടിരുന്നില്ല, അത് കൊണ്ട് അവളവനെ ആകെ മൊത്തം ഉഴിഞ്ഞു, തല്ലിന്റെ ആധിക്യത്താല്‍ ഒടുവില്‍ ചൂല്‍ അഴിഞ്ഞു അവന്റെ ശരീരത്തിന് ചുറ്റും "ഈര്‍ക്കില്‍ ഹാരം" പോലെ കിടന്നു . 

തല്ലിന്റെയും, ശരീരത്തിലെ പാടുകളുടെയും എണ്ണം കൂടി വരുന്നത് കണ്ടു പേടിച്ച അവന്റെ അച്ഛന്‍ അവനെ ആണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ കൊണ്ട് ചേര്‍ത്തു. എന്നിട്ടെന്തെങ്കിലും വ്യത്യാസമുണ്ടായോ?  അവന്റെ ശരീരത്തിലെ പാടുകള്‍ കുറഞ്ഞോ? എവടെ..!!!!!

ഇത് വായിച്ചിട്ട് "കാലമാടാ" എന്ന വിളിയോടെ അവന്‍ വരുന്നത് എനിക്ക് ഇത് എഴുതുമ്പോള്‍ തന്നെ കാണാന്‍ കഴിയുന്നുണ്ട്. അത്രയ്ക്കുണ്ട് ഞാനും അവനും തമ്മിലുള്ള മന:പൊരുത്തം.  

ആരാണ് "അവന്‍" എന്ന് മനസ്സിലായോ? മനസ്സിലായാലും ഇവിടെ പേര് പറയേണ്ടാ.. ഒരു ക്ലൂ പോലെ പറഞ്ഞാല്‍ മതി. കാരണം, ഞാന്‍ മുകളില്‍ എഴുതിയത് മുഴുവന്‍ നട്ടാല്‍ കുരുക്കാത്ത കള്ളങ്ങള്‍ ആണെന്ന് എനിക്കും അവനും നന്നായി അറിയാം., പക്ഷെ നിങ്ങള്ക്ക് അറിയില്ലല്ലോ..

ഹ ഹ. എന്റെ ഒരു കാര്യം


No comments:

Post a Comment