Thursday, December 23, 2010

രായപ്പന്‍ v /s ഭാര്‍ഗവി & കോലപ്പന്‍ v /s ചെല്ലമ്മ

കോലപ്പാ.. ഒഴിക്കെടാ..

രായപ്പാ... .. കുടിക്കെടാ...പക്ഷെ നീ എന്നാത്തിനാടാ ഇങ്ങനെ കുടിക്കുന്നത്?

ഹോ. എന്നാ പറയാനാ... വീട്ടിലെ മൂധേവിയെ കൊണ്ട് തോറ്റു.. ഏതു നേരവും ചൊറിയുന്ന വര്‍ത്ത മാനമേ  പറയൂ..

ചായ്... മോശം മോശം. എന്നെ കണ്ടു പിടിക്ക്. ഇത് കണ്ടോ... ഇത് രണ്ടെണ്ണം വീശി നേരെ അങ്ങട് ചെല്ലും. അവള്‍ എന്തങ്കിലും പറയാന്‍   വേണ്ടി വാ തുറന്നോ, അപ്പൊ കൊടുത്തിരിക്കും അടി.. ആണുങ്ങള്‍ ആയാല്‍ ധൈര്യം വേണമെടാ ധൈര്യം. 

കോലപ്പാ, എന്താണെന്നറിയില്ല, അവളുടെ കരടി മോന്ത കണ്ടാലേ എന്റെ മുട്ടിടിക്കും. തല്ലാന്‍ കൈ പൊക്കുന്നത് പോയിട്ട് അത് ഓര്‍ക്കാനുള്ള ധൈര്യം പോലും വരത്തില്ല അപ്പോള്‍ . എന്തെങ്കിലും പറയാമെന്നു വിചാരിച്ചാല്‍, അവളൊട്ടു സമ്മതിക്കത്തു മില്ല.

ചായ്... എന്നതാട ഉവ്വേ ഇത്. നീ കള്ള് കുടിയന്മാരായ ആണുങ്ങള്‍ക്ക് പേരുദോഷം വരുത്തിയെ അടങ്ങൂ... ഈ ധൈര്യം എന്ന് പറയുന്നത് റേഷന്‍ കടയില്‍ കിട്ടുന്നതല്ല. അത് നമള്‍ ഒണ്ടാക്കി എടുക്കണം  .    എന്നെ നോക്ക് "സിങ്ക മാണെടാ സിങ്കം"

സിങ്കമോ.. അതെന്നതാടാ ഉവ്വേ....

സിങ്കം. കാട്ടിലെ രായാവ്..

ഉവ്വ. 

രായപ്പാ..ഇന്ന് നീ ചെല്ല്. ചെന്നിട്ട് അവള്‍ക്കിട്ടു രണ്ടെണ്ണം പൊട്ടീര്.. എന്നിട്ട് പറയ്, മൂക്കന്‍  പാമ്പിനോട് ഇടയല്ലെടീ.. എന്ന്. ആ ഒറ്റ അടിയില്‍ അവള്‍ പഠിച്ചിരിക്കണം...നാളെ മുതല് അവള് പൂച്ചകുട്ടി ആവുമെടാ പൂച്ചക്കുട്ടി. 

കോലപ്പാ... ഏറ്റെടാ ഏറ്റു. ഇന്ന് കാണിച്ചു കൊടുക്കുന്നുണ്ട് അവള്‍ക്കു രായപ്പന്‍ ആരാണെന്ന് 
ഗള് ഗള് ഗള് 

രായപ്പാ, പതുക്കെ കുടിയെടാ ശ്വാസം പോകുമെടാ..

കോലപ്പാ.. ആവേശം കേറിയാ പിന്നെ ഈ രായപ്പന്‍  പുലിയാടാ  പുലി.. കരിം പുലി 

കൊള്ളാമെടാ രായപ്പാ.. നിന്നെ കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ ബഹുമാനം കൊണ്ട് എന്റെ രോമം കമ്പ്ലീട്ടു എഴുന്നേറ്റു നില്‍ക്കുന്നു. ചെല്ല്.. പുലിയെ പോലെ പോരാട്. നാളെ കാണാം. 

ശരിയെടാ കോലപ്പാ.. നാളത്തെ കുപ്പി എന്റെ വക

അട്ടഹസിച്ചു കൊണ്ട് തന്നെ രായപ്പന്‍ വീട്ടിലെത്തി. വാതില്‍ ചവിട്ടി തുറന്നകത്തു കയറി... അല്‍പ സമയം കഴിഞ്ഞു രായപ്പന്റെ അയല്‍ക്കാര്‍ കേട്ടത് നടുക്കുന്ന അലര്‍ച്ചയായിരുന്നു.. 

"അയ്യോ.. രക്ഷിക്കണേ... ഈ മറുതായില്‍ നിന്ന് ആരേലും എന്നെ രക്ഷിക്കണേ... ഭാര്‍ഗവീ, എന്റെ കഴുത്തീന്നു കയ്യ് എടുക്കെടീ.. ഞാന്‍ ചത്തു പോകുമെടീ..."

നാടുകാര്‍ ഓടി വന്നെങ്കിലും അവര്‍ക്ക് കാണാന്‍ കഴിഞ്ഞത് ഭാര്‍ഗവിയുടെ ആദ്യത്തെ ഇടിക്കു തന്നെ  ബോധം പോയി വീണു കിടക്കുന്ന രായപ്പനെയാണ്. 

പക്ഷെ കോലപ്പന്റെ അയല്‍ക്കാര്‍ അന്നും സമാധാനമായി തന്നെ ഉറങ്ങി, കാരണം അവര്‍ക്ക് നിലവിളി ഒരു ശീല മായി കഴിഞ്ഞിരുന്നു... കൊച്ചു കുട്ടികള്‍ ആ നിലവിളി കേള്‍ക്കാതെ ഉറങ്ങില്ല എന്ന സ്ഥിതി വിശേഷം ആയിരുന്നു. ആയിടെ രണ്ടാം ക്ലാസ്സില്‍ ചേര്‍ന്ന "സുമതി" എന്ന കുഞ്ഞ്  ആ നിലവിളി ചിരിയോടെ ഇങ്ങനെ ഏറ്റു ചൊല്ലി ...

"അയ്യോ...ചെല്ലമ്മേ.. കൊല്ലല്ലെടീ... വയ്യായേ... ഭഗവാനെ.. ഇവളില്‍ നിന്ന് എന്നെ രക്ഷിക്കേണമേ... ഇവളുടെ തല്ലും ചവിട്ടും മേടിക്കാനുള്ള ആരോഗ്യം എനിക്ക് തരേണമേ..   അയ്യോ... .."

No comments:

Post a Comment